രാഷ്ട്രീയ തന്ത്രജ്ഞന്റെ വേഷം അഴിച്ചുവെച്ച് പ്രശാന്ത് കിഷോര്‍ എങ്ങോട്ടാണ്? പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവ് പദവിയില്‍ നിന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാജിവെച്ചതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം ഇതാണ്.
” പൊതുജീവിതത്തില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനം കണക്കിലെടുത്ത്, താങ്കളുടെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ല. ഭാവിപ്രവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് എന്നെ ദയാപൂര്‍വം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” എന്നാണ് അമരീന്ദറിന് അയച്ച കത്തില്‍ പ്രശാന്ത് കിഷോര്‍ പറയുന്നത്.
ഒരു രാഷ്ട്രീയ തന്ത്രജ്ഞനപ്പുറം കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ പൂര്‍ണ സേവനം ലഭിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ രാജി വാര്‍ത്ത വരുന്നത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് കടക്കുമെന്ന സംശയം ഇത് കൂടുതല്‍ ശക്തമാക്കുന്നു.
2024 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പ്രശാന്ത് കിഷോറിനെ പോലൊരു ‘ കിങ് മേക്ക’റെ കോണ്‍ഗ്രസിന് ആവശ്യമാണ്. പ്രശാന്ത് കിഷോറില്‍ പാര്‍ട്ടി നേതൃത്വം ശക്തനായൊരു നേതാവിനെ കാണുന്നുണ്ട്.