Advertisement
national news
ആര്യന്‍ ഖാന്റെ കേസിലെ സാക്ഷി പ്രഭാകര്‍ സെയ്ല്‍ ഹൃദയാഘാതം മൂലം മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 02, 07:04 am
Saturday, 2nd April 2022, 12:34 pm

മുംബൈ: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയ്ല്‍ ഹൃദയാഘാതം മൂലം മരിച്ചു. വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്. സെയ്‌ലിന്റെ അഭിഭാഷകന്‍ അദ്ദേഹത്തിന്റെ മരണ സ്ഥിരീകരിച്ചു.

ലഹരി മരുന്ന് കേസില്‍, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്ക്കെതിരെ സെയ്ല്‍ രംഗത്തുവന്നിരുന്നു.

എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു എന്നാണ് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ പറഞ്ഞത്.

പ്രഭാകര്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ കരാര്‍ നടത്തിയെന്നും ഇതില്‍ 8 കോടി രൂപ വാങ്കഡെയ്ക്കുള്ളതായിരുന്നു എന്നുമാണ് പറഞ്ഞത്. താനാണ് ഗോസാവിയുടെ കയ്യില്‍ നിന്നും പണം ഏറ്റുവാങ്ങി ഡിസൂസയ്ക്ക് നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരുന്നു.

ഇക്കാര്യം വെളിപ്പെടുത്തുന്നതോടെ തന്റെ ജീവന് ഭീഷണിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പ്രഭാകര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.

 

Content Highlights: Prabhakar Sail, NCB witness in Aryan Khan case, dies due to heart attack