Advertisement
Kerala News
ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 08, 05:01 pm
Friday, 8th July 2022, 10:31 pm

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന വീട്ടില്‍ ബാലചന്ദ്രകുമാര്‍ പോയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ഫെബ്രുവരിയിലാണ് കണ്ണൂര്‍ സ്വദേശിയായ യുവതി ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്.

പത്ത് വര്‍ഷം മുമ്പ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് യുവതി പീഡന പരാതി നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഉടനെ നിയമിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേസിന്റെ വിചാരണയ്ക്കിടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജി വെച്ചിരുന്നു. അതിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് വിവാദമായിരുന്നു. കെ.കെ. രമ എം.എല്‍.എയുടെ ചോദ്യത്തിന് ഉത്തരമായാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഉടനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്.

ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തുടര്‍ച്ചയായി രാജിവെച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ആദ്യം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന എ. സുരേശന്‍, തുടര്‍ന്ന് വന്ന അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാര്‍ എന്നിവരാണ് രാജി വെച്ചത്. ഇരുവരുടേയും രാജി വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.