മോദിയും അമിത് ഷായും മമതയെ ടാര്‍ഗറ്റ് ചെയ്യുന്നു; ഇത് നല്ലതിനല്ല: മുന്നറിയിപ്പുമായി മായാവതി
D' Election 2019
മോദിയും അമിത് ഷായും മമതയെ ടാര്‍ഗറ്റ് ചെയ്യുന്നു; ഇത് നല്ലതിനല്ല: മുന്നറിയിപ്പുമായി മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 10:51 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മോദിയും അമിത് ഷായും കൃത്യമായി പ്ലാനിങ്ങിലൂടെ മമതയെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നായിരുന്നു മായാവതി പറഞ്ഞത്.

” മോദിയും അമിഷ് യും അവരുടെ ചില നേതാക്കളും ചേര്‍ന്ന് മമത ബാനര്‍ജിയെ കൃത്യമായി ടാര്‍ഗറ്റ് ചെയ്തിരിക്കുകയാണ്. അക്കാര്യത്തില്‍ സംശയമില്ല. ഇത് ഗുരുതരമായ വിഷയമാണ്. മാത്രമല്ല ഒരിക്കലും നടക്കാന്‍ പാടില്ലാത്തതുമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്ന ഒരു വ്യക്തിയ്ക്ക് ചേര്‍ന്ന കാര്യങ്ങളല്ല മോദി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നല്ലതിനല്ല”- മായാവതി പറഞ്ഞു.

മോദി പ്രധാനമന്ത്രി പദത്തിന് ഒരിക്കലും അനുയോജ്യനായിരുന്നില്ലെന്നും കസേര വിട്ടൊഴിയാന്‍ സമയം അടുത്തെന്നും മായാവതി പറഞ്ഞു.

അതിനിടെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണ സമയം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ
കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കമ്മീഷന്റെ സുതാര്യതയില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവയായി പ്രവര്‍ത്തിക്കുകയാണ് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ബംഗാളില്‍ കാമ്പയിന്‍ വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മോദിയ്ക്കുള്ള സമ്മാനമാണെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.

ഇത് അത്ഭുതപൂര്‍ണമായ, അസാന്മാര്‍ഗികമായ ഒരു നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കും അമിത് ഷായ്ക്കും അനുകൂലമായി എടുത്ത ഒരു നടപടിയാണ് ഇതെന്നും മമത പ്രതികരിച്ചു.

പശ്ചിമ ബംഗാളില്‍ അസാധാരണ നടപടിയുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറക്കുകയായിരുന്നു. നാളെ രാത്രി 10 മണിക്ക് ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കും.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഏഴാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.