കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സി.പി.ഐ.എം. സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു വോട്ടു തേടിയത്. ഇത് നിയമവിരുദ്ധമാണ്. ബിന്ദു തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ജനങ്ങളെ കബളിപ്പിച്ചാണ് എന്നാണ് ഹരജിയില്‍ പറയുന്നത്.
‘ബിന്ദു പ്രൊഫസറല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രൊഫ. ബിന്ദു എന്നാണ് വെച്ചിരുന്നത്. ബാലറ്റ് പേപ്പറിലും പ്രൊഫ. ബിന്ദു എന്നാണ് കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ ജനങ്ങളെ കബളിപ്പിച്ചാണ് വോട്ടു നേടിയിരിക്കുന്നത്,’ ഹരജിയില്‍ പറയുന്നു.
എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ലഘുലേഖകള്‍ ഇറക്കിയിരുന്നു. ഇത് ബിന്ദുവിന്റെ അറിവോടെയായിരുന്നു. അതുകൊണ്ടു ബിന്ദുവിന്റെ ജയം അസാധുവാക്കണമെന്നും തോമസ് ഉണ്ണിയാടന്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
മന്ത്രിയുടെ സത്യപ്രതിജ്ഞാ വേളയില്‍ പേരിനൊപ്പം പ്രൊഫസര്‍ എന്ന് ചേര്‍ത്തതും നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. പ്രൊഫസര്‍ ആര്‍. ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ ആയിരുന്നു പരാതി നല്‍കിയിരുന്നത്. തെറ്റായ പദവി പരാമര്‍ശിച്ചു നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കി മന്ത്രി വീണ്ടും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.
മെയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസര്‍ ആര്‍. ബിന്ദു എന്നത് ഡോ. ആര്‍. ബിന്ദു എന്നാക്കി തിരുത്തിയതായി അറിയിച്ചു കൊണ്ട് ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി വി.പി. ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.