ഏപ്രില്‍ 27ന് നടക്കുന്ന കോപ്പ ഡെല്‍ റേ കലാശപ്പോരാട്ടത്തിന് മുമ്പ് ബാഴ്‌സലോണയെ പരിക്കുകള്‍ വേട്ടയാടുന്നു. സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും അലജാന്‍ഡ്രോ ബാല്‍ഡെയും റയല്‍ മാഡ്രിഡിനെതിരായ കിരീട പോരാട്ടത്തില്‍ കറ്റാലന്‍മാര്‍ക്കൊപ്പമുണ്ടാകില്ല.
ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ട്രെബിള്‍ കിരീടം ലക്ഷ്യമിടുന്ന ബ്ലൂഗ്രാനയ്ക്ക് ലെവയുടെയും ബാല്‍ഡെയുടെയും പരിക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറെ വലുതാണ്.
ലെഫ്റ്റ് ബാക്കും ടോപ് സ്‌കോററുമില്ലാതെ ബാഴ്‌സ ബോസ് ഹാന്‍സി ഫ്‌ളിക് ഫൈനലിനുള്ള സ്‌ക്വാഡും ഒരുക്കിക്കഴിഞ്ഞു. ഇരു താരങ്ങളുടെയും അഭാവം ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ബാഴ്‌സയെ ദുര്‍ബലമാക്കുന്നതാണ്.
സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തിലാണ് ലെവന്‍ഡോസ്‌കിക്ക് മസില്‍ ഇന്‍ജുറി സംഭവിക്കുന്നത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്‌സ വിജയിച്ച മത്സരത്തില്‍ ലെവക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
ഈ മത്സരത്തില്‍ ഗോളടിച്ചില്ലെങ്കിലും 40 ഗോളുമായി സീസണില്‍ ബാഴ്‌സയുടെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് ലെവന്‍ഡോസ്‌കി.
മൂന്ന് ആഴ്ചയോളമാണ് ലെവന്‍ഡോസ്‌കിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ മെയ് ഒന്നിന് ഇന്റര്‍ മിലാനെതിരെ സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കൊംപാനിയില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദ മത്സരത്തിലും ലെവന്‍ഡോസ്‌കി കറ്റാലന്‍മാര്‍ക്കൊപ്പമുണ്ടാകില്ല.
ലെഗാനെസിനെതിരെ നടന്ന മത്സരത്തിലാണ് ബാല്‍ഡെക്ക് പരിക്കേല്‍ക്കുന്നത്. ഇന്ററിനെതിരെ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ താരം മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ലെവയുടെ അഭാവം ഫെറാന്‍ ടോറസിലൂടെ മറികടക്കാനാകുമെന്നാണ് ഹാന്‍സി ഫ്‌ളിക് കണക്കുകൂട്ടുന്നത്. ജെറാര്‍ഡ് മാര്‍ട്ടിനെയോ ഹെക്ടര്‍ ഫോര്‍ട്ടിനെയോ ലോസ് ബ്ലാങ്കോസിനെതിരായ കലാശപ്പോരാട്ടത്തില്‍ അദ്ദേഹം ലെഫ്റ്റ് ബാക്കിലും പരീക്ഷിച്ചേക്കും.
അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന്റെ നിരാശ മറികടക്കാനുള്ള അവസരമാണ് റയല്‍ മാഡ്രിഡിന് മുമ്പിലുള്ളത്. ആഴ്‌സണലിനോട് പരാജയപ്പെട്ടാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ അടിയറവ് വെച്ചത്. ഇരു പാദങ്ങളിലുമായി 1-5നാണ് ഗണ്ണേഴ്‌സ് റയലിനെ തകര്‍ത്തുവിട്ടത്.
ലാ ലിഗയില്‍ അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ഒന്നാമതുള്ള ബാഴ്‌സലോണയുമായി നാല് പോയിന്റ് വ്യത്യാസമാണ് റയലിനുള്ളത്. സെല്‍റ്റ വിഗോ, ബാഴ്‌സലോണ, മല്ലോര്‍ക്ക, സെവിയ, റയല്‍ സോസിഡാഡ് എന്നിവരാണ് എതിരാളികള്‍.
Content Highlight: Robert Lewandowski and Alejandro Balde set to miss Copa Del Ray final