ഇസ്‌ലാമിന്റെ പേരില്‍ ലോകത്തുണ്ടായ രാജ്യമാണിത്, സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റേണ്ട ഉത്തരവാദിത്തം അള്ളാഹുവിന്: പാക് ധനമന്ത്രി
World News
ഇസ്‌ലാമിന്റെ പേരില്‍ ലോകത്തുണ്ടായ രാജ്യമാണിത്, സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റേണ്ട ഉത്തരവാദിത്തം അള്ളാഹുവിന്: പാക് ധനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th January 2023, 7:14 pm

ഇസ്‌ലാമാബാദ്: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദര്‍. പാകിസ്ഥാന്‍ മാത്രമാണ് ഇസ്‌ലാമിന്റെ പേരില്‍ ലോകത്തുണ്ടായ ഒരേയൊരു രാജ്യമെന്നും അതിനാല്‍ ആ രാജ്യത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്തം അള്ളാഹുവിനാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ഇസ്‌ലാമിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ അത് പുരോഗമിക്കുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമാബാദില്‍ ഗ്രീന്‍ ലൈന്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇഷാഖ് ദര്‍.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ പരമാവധി ശ്രിമിക്കുന്നുണ്ട്. മുന്‍ സര്‍ക്കാരില്‍ നിന്നുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ രാജ്യത്തിന്റെ സ്ഥിതി വഷളാക്കിയതെന്നും ഇഷാഖ് ദര്‍ പറഞ്ഞു.

‘സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതി മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 2013-2017 മുതല്‍ നവാസ് ഷെരീഫിന്റെ ഭരണകാലത്ത് സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടതായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച ‘നാടകം’ കാരണം രാജ്യം ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്,’ ഇഷാഖ് ദര്‍ പറഞ്ഞു.

അതിനിടെ, സാമ്പത്തിക ഭക്ഷ്യ പ്രതിസന്ധിയില്‍ നേരിടുന്ന പാക്കിസ്ഥാനില്‍ ഇന്ധനം, അരി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവക്കും വില കുത്തനെ കൂടി. ഡോളറിനെതിരെ പാക്കിസ്ഥാന്‍ രൂപ കൂപ്പുകുത്തിയിരിക്കുകയാണ്. ഒരു യു.എസ് ഡോളര്‍ ലഭിക്കണമെങ്കില്‍ 255.43 പാക്കിസ്ഥാനി രൂപ നല്‍കണം.

ഫെബ്രുവരി ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും വലിയ വര്‍ധവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാരണത്താല്‍ മുന്‍കൂട്ടി ഇന്ധനം വാങ്ങാനായി പെട്രോള്‍ പമ്പില്‍ തമ്പടിച്ചിരിക്കുകയാണ് ജനം.