ന്യൂയോര്‍ക്: പെഷാവറിലെ സ്‌കൂള്‍ ആക്രമണത്തില്‍ ഭീകരരെ സഹായിച്ചെന്ന പാക്കിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ. അസംബന്ധമായ ആരോപണമാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
2014 ല്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ സ്‌കൂള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഭീകരര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കിയെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ ആരോപണം.
നാലു വര്‍ഷം മുന്‍പത്തെ സ്‌കൂള്‍ ആക്രമണത്തില്‍ ഇന്ത്യയ്‌ക്കെതിരെ യുക്തിരഹിതമായ ആരോപണമാണ് പാക്കിസ്ഥാന്‍ ഉന്നയിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതി ഈനം ഗംഭീര്‍ പറഞ്ഞു.
ഇത്തരം നികൃഷ്ടമായ കുത്തുവാക്കുകളിലൂടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ അപഹസിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പാക്കിസ്ഥാന്റെ കാപട്യമാണ് പുറത്തുവരുന്നതെന്നും ഇന്ത്യ ആരോപിച്ചു.
“”നിങ്ങളുടെ ഭീകരസ്വഭാവം മറച്ചുവയ്ക്കാനുള്ള നീചമായ അങ്ങേയറ്റം ഗതികെട്ട നീക്കമാണ് ഇത്. പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ല. 2014ല്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ കടുത്ത ദുഃഖവും വേദനയും അറിയിച്ചിരുന്നു.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും കൊല്ലപ്പെട്ടവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളും അന്നു രണ്ട് മിനിറ്റ് മൗനപ്രാര്‍ഥന നടത്തിയിരുന്നു””- ഈനം പറഞ്ഞു.
അയല്‍രാജ്യങ്ങളുടെ നിലനില്‍പിനു പാക്കിസ്ഥാന്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എന്‍ ലിസ്റ്റിലുള്ള 132 ഭീകരര്‍ക്കു സംരക്ഷണം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന വാദത്തെ തള്ളാന്‍ പാക്കിസ്ഥാന് സാധിക്കുമോയെന്നും ഇന്ത്യ ചോദിച്ചു.
150ല്‍ അധികം കുട്ടികളാണ് പെഷാവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എട്ടു മുതല്‍ പത്തുവരെ താലിബാന്‍ ചാവേറുകള്‍ സ്‌കൂളിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈനിക യൂണിഫോം ധരിച്ചാണ് ഭീകരര്‍ സ്‌കൂളിലെത്തിയത്.
പുതിയ സര്‍ക്കാരിനു കീഴില്‍ പാക്കിസ്ഥാന്‍ ഭീകരതയ്‌ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കിയെന്ന അവകാശവാദവും ഇന്ത്യ തള്ളി. ഒരു വസ്തുതാ പരിശോധന നടത്തിയാല്‍ ലഭിക്കുക വ്യത്യസ്തമായ ചിത്രമായിരിക്കുമെന്നും ഇന്ത്യ പറഞ്ഞു.