ഉണരൂ അണിയറ പ്രവര്‍ത്തകരെ ഉണരൂ... പൊളിറ്റിക്കല്‍ സറ്റയറിന് വിലകുറഞ്ഞ കോമഡികള്‍ മസ്റ്റാ?
Entertainment news
ഉണരൂ അണിയറ പ്രവര്‍ത്തകരെ ഉണരൂ... പൊളിറ്റിക്കല്‍ സറ്റയറിന് വിലകുറഞ്ഞ കോമഡികള്‍ മസ്റ്റാ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th November 2022, 8:31 pm

ശ്രീനാഥ് ഭാസി നായകനായ പുതിയ ചിത്രമാണ് പടച്ചോനെ ഇങ്ങള് കാത്തോളി. ബിജിത് ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ ശീതള്‍, സരസ ബാലുശ്ശേരി, ഗ്രേസ് ആന്റണി, നിര്‍മല്‍ പാലാഴി, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍ തുടങ്ങി നിരവധി അഭിനേതാക്കളുമുണ്ട്.

ചിന്തമംഗലം എന്ന പാര്‍ട്ടി ഗ്രാമത്തിലെ ദിനേശന്‍ മാഷിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ദിനേശന്‍ മാസ്റ്ററുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് ചിത്രം.

സ്‌പോയിലര്‍ അലര്‍ട്ട്…

കമ്യൂണിസ്റ്റ് ചിന്താഗതിയുള്ള സഖാവ് ദിനേശന്‍ മാസ്റ്റര്‍ ഒരുവേള അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കുന്നതും ജീവിതപുരോഗതിക്ക് വേണ്ടി അനാചാരങ്ങളുടെ പിന്നാലെ പോകുന്നതും പിന്നീട് അതില്‍ കാര്യമില്ലെന്ന് മനസിലാക്കി തിരിച്ച് വരുന്നതുമാണ് സിനിമയുടെ കഥ.

വലിയ ആശയമാണ് സിനിമ സംവദിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ പല ഡയലോഗുകളും തമാശക്ക് വേണ്ടി തിരുകി കയറ്റിയിരിക്കുന്ന സീനുകളും ഈ പ്രധാന ആശയം പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ തടസമാവുകയാണ്.

പുരോഗമന ചിന്താഗതി ഡയലോഗില്‍ കൊണ്ടുവരുമ്പോള്‍ തിയേറ്ററില്‍ കയ്യടി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പല ഡയലോഗുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നാണ് തോന്നുക. സിനിമയിലെ വിലകുറഞ്ഞ തമാശകളും അതിഥി തൊഴിലാളികളെ മോശക്കാരാക്കി ചിത്രീകരിച്ചിരിക്കുന്ന രീതിയും അരോചകമായിരുന്നു. പണ്ടേക്ക് പണ്ടേ സമൂഹം മാറിചിന്തിച്ച ബോഡി ഷേമിങ്ങ് വരെ ഈ സിനിമക്ക് തമാശയാണ്.

 

സിനിമ ഇറങ്ങുന്ന കാലഘട്ടത്തെക്കുറിച്ചെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇത്തരം വിലകുറഞ്ഞ തമാശകള്‍ക്ക് അറുതി വരുത്താമായിരുന്നു. അതിഥി തൊഴിലാളികള്‍ വൃത്തിയില്ലാത്തവരാണെന്ന് കാണിക്കുന്ന സീനുകള്‍ വരെ ചിത്രത്തിലുണ്ട്. കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനായി ഇറങ്ങിയ ഹരീഷ് കണാരന്റെ കഥാപാത്രത്തെയും ബംഗാളി എന്ന് വിളിച്ച് പരിഹസിക്കുന്നതും കാണാം.

ക്ലാസിലെ ആണ്‍കുട്ടികള്‍ മോശമായി പെരുമാറിയതില്‍ പരാതി പറഞ്ഞ് ടീച്ചര്‍ വരുന്ന സീനില്‍ മറ്റൊരു ടീച്ചറെ കളിയാക്കുന്നതും വളരെ അസഹനീയമായിരുന്നു. വെളുത്ത നിറമുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുകയുള്ളുവെന്നാണ് സിനിമ പറയുന്നത്.

സുനില്‍ സുഖദ അവതരിപ്പിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ കഥാപാത്രം വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. സ്ത്രീകളെ ലൈംഗികച്ചുവയോടെ മാത്രം നോക്കുന്ന ലീലാ കൃഷ്ണന്‍ മാഷ് എന്ന കഥാപാത്രത്തെയാണ് സുനില്‍ അവതരിപ്പിച്ചത്. ഈ മാഷിനെതിരെ ഒരു ടീച്ചറും പരാതിയുമായി വരുന്നത് ചിത്രത്തില്‍ ഇല്ല.

പണ്ടേക്ക് പണ്ടേ വിട്ട അശ്വതി അച്ചു കോമഡികള്‍ കൂടിയുള്ള ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ദിനംപ്രതി അപ്‌ഡേറ്റാവുന്ന പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ പറ്റിയ സിനിമയാണോ എന്ന് അണിയറപ്രവര്‍ത്തകര്‍ ചിന്തിക്കേണ്ടതുണ്ട്.

content highlight: Padachone Ingalu Kaatholee movie’s comedy scenes are ill written