മറ്റ് കൊവിഡ് വകഭേദം പോലെയല്ല, ഒമിക്രോണ്‍ മൂന്ന് മടങ്ങ് കൂടുതല്‍ അണുബാധയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്
ജോഹാന്നസ്ബര്‍ഗ്: ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍.
ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പേപ്പര്‍ ഇതുവരെ അവലോകനം ചെയ്തിട്ടില്ല.
ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
മുന്‍കാല അണുബാധയില്‍ നിന്ന് ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ ശേഷിയെപ്പറ്റിയും പഠനത്തിലുണ്ട്. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.
എന്നാല്‍, പഠനത്തിന് വിധേയരായ വ്യക്തികള്‍ വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകര്‍ക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ വാക്സിന്‍ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
നവംബര്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളില്‍ 35,670 പേര്‍ക്ക് ഒരിക്കല്‍ വന്നുപോയ ശേഷം വീണ്ടും അണുബാധയുണ്ടായതായി സംശയിക്കുന്നുണ്ട്.
മൂന്ന് തരംഗങ്ങളിലും ആദ്യം അണുബാധയുണ്ടായ വ്യക്തികളില്‍ വീണ്ടും അണുബാധകള്‍ ഉണ്ടായിട്ടുള്ളതായി വിവരങ്ങളുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഡിഎസ്ഐ-എന്‍ആര്‍എഫ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ എപ്പിഡെമിയോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പുള്ളിയം പറഞ്ഞു.
Content Highlights: Omicron Causes 3 Times As Many Reinfections As Delta: Study