കോഴിക്കോട്: കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളിക്കെതിരെ മൊഴി നല്‍കി സഹോദരന്‍ നോബി. റോയിയുടെ മരണശേഷം ഒസ്യത്തിന്റെ രേഖകള്‍ ജോളി തങ്ങളെ കാണിച്ചിരുന്നെന്നും അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നതെന്നും നോബി പറഞ്ഞു.
‘റോയിയുടെ മരണശേഷം സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു. ഒസ്യത്തിന്റെ രേഖകള്‍ ജോളി കാണിക്കുകയും ചെയ്തു.
എന്നാല്‍ അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നത്. സ്വത്തുതട്ടിപ്പിനെയും കൊലപാതകങ്ങളെയും കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഞങ്ങളുണ്ടാവില്ല.’- നോബി പറഞ്ഞു.
പണമാവശ്യപ്പെട്ട് ജോളി തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്നും നോബി പറഞ്ഞു. ‘ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണു പണമിട്ടിരുന്നത്. രണ്ടാഴ്ച മുന്‍പു വീട്ടിലെത്തിയപ്പോഴും അച്ഛനില്‍ നിന്നു പണം വാങ്ങിയാണു പോയത്.’- നോബി പറഞ്ഞു.
ജോളിയുടെ ഇരട്ടമുഖം തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചില്ലെന്നും വളരെ സാധാരണക്കാരിയായ, നാട്ടിന്‍പുറത്തുകാരിയായ സ്ത്രീയായി നടന്ന് സമൂഹത്തിലുള്ള മുഴുവന്‍ ആളുകളേയും വിശ്വസിപ്പിക്കുകയായിരുന്നു ജോളിയെന്നും കൂടത്തായി ഇടവകാ വക്താവ് അഗസ്റ്റിന്‍ മഠത്തില്‍ പറമ്പില്‍ നേരത്തേ പറഞ്ഞിരുന്നു.
ഓരോ മരണം കഴിയുമ്പോഴും അലമുറയിട്ട് കരഞ്ഞ് ഏറെ സങ്കടപ്പെട്ടു നില്‍ക്കുന്ന ജോളിയെയാണ് തങ്ങള്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോളി വേദപാഠം അധ്യാപികയെന്ന പ്രചാരണം തെറ്റാണ്. ജോളിക്ക് പള്ളിയുമായി കാര്യമായ ബന്ധവുമില്ല.
നേരത്തെ മാതൃവേദിയുടെ ചുമതലുണ്ടായിരുന്നെങ്കിലും ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവകാംഗങ്ങളുടെ പട്ടികയില്‍ നിന്നും വെട്ടിയെന്നും അഗസ്റ്റില്‍ മഠത്തില്‍ പറമ്പില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘വിവാഹം കഴിച്ച് ഇവിടെ വന്നതോടെ ഇടവകാംഗമായ ആളാണ് ജോളി. ഇടവകയില്‍ വളരെ പ്രത്യേകമായ ഒരു ഉത്തരവാദിത്തവും ജോളിക്ക് ഉണ്ടായിരുന്നില്ല.
മാതാപിതാക്കളുമായി പള്ളിയില്‍ വരുന്ന വ്യക്തി. പള്ളിയിലെ ആരാധനാ കാര്യങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തി എന്നതിനപ്പുറം പള്ളിയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമോ മതബോധനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമോ മതബോധന അധ്യാപികയോ ആയിരുന്നില്ല ജോളി.
സമൂഹത്തിന് വേദനയുണ്ടാകുന്ന തരത്തില്‍ ഒരു ക്രൈമിനെ നമ്മള്‍ ഏതെങ്കിലും വിധത്തില്‍ മാറ്റിക്കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്.’- അദ്ദേഹം പറഞ്ഞു.