ന്യൂദല്‍ഹി: 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ലക്ഷ്യം വെച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും വെള്ളിയാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ദല്‍ഹിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച നടക്കുക. ഭാരത് ജോഡോ യാത്ര അവസാനിച്ച ശേഷം രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
ബി.ജെ.പിയേയും ലാലു പ്രസാദ് യാദവ് വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിച്ചുള്ള പ്രതിപക്ഷ പോരാട്ടം വരാനിരക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ വെള്ളിയാഴ്ച ബീഹാറില്‍ റാലി നടത്തുന്നുണ്ട്. ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പല മതവിഭാഗങ്ങള്‍ തമ്മില്‍ കലഹമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയേക്കാമെന്നും ഇതിന് ജനങ്ങള്‍ വഴങ്ങിക്കൊടുക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബീഹാറിലെ സീമാഞ്ചല്‍ പ്രദേശത്താണ് അമിത് ഷാ റാലി നടത്തുന്നത്. മുസ്‌ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് സീമാഞ്ചല്‍. സെപ്റ്റംബര്‍ 23, 24 തീയതികളിലാണ് അമിത് ഷാ റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ബീഹാറില്‍ ബി.ജെപിക്ക് അധികാരം നഷ്ടമായതിന് ശേഷമുള്ള ആദ്യ പര്യടനമായിരിക്കും ഇത്.
അതേസമയം അമിത് ഷായുടെ റാലിക്ക് ശേഷം മൂന്ന് റാലികള്‍ പ്രദേശത്ത് നടത്താന്‍ സഖ്യം തീരുമാനിച്ചിട്ടുണ്ട്.
ബി.ജെ.പി അധികാരം നേടിയെടുക്കാന്‍ നീക്കങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പ്രചരണങ്ങളും നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്.