തിരുവനന്തപുരം: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിലൂടെ തകര്‍ന്നുവീണത് പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ജമ്മു കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെന്ന് ദേശാഭിമാനി. 2019ല്‍ പ്രത്യേക പദവി എടുത്ത കളഞ്ഞശേഷം ഇത്രയധികംപേര്‍ കൊല്ലപ്പെടുന്ന ഭീകരാക്രമണം കശ്മീരില്‍ ഇതാദ്യമായാണെന്നും ദേശാഭിമാനി പറയുന്നു.
ഇന്നലെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.30ഓടെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ 29 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
പരിക്കേറ്റ നാല് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. ഇടപ്പള്ളി സ്വദേശിയായ സി. രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
കശ്മീരിനെ കേന്ദ്രഭരണത്തിന് കീഴിലാക്കി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ഭീകരരെ ഇല്ലായ്മ ചെയ്യാനായിട്ടില്ല എന്നതിന് തെളിവാണ് ഈ ഭീകരാക്രമണങ്ങളെന്നും ദേശാഭിമാനി പറയുന്നു.
ജമ്മു കശ്മീരിലെ ആഭ്യന്തര സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ വെച്ച് ഉന്നതതല യോഗം ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പഹല്‍ഗാമില്‍ ആക്രമണമുണ്ടായതെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി.
2017 ജൂലൈയില്‍ അമര്‍നാഥ് തീർത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 2024 ജൂണില്‍ റിയാസിയില്‍ തീർത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കേന്ദ്രസേനയെയും സൈന്യത്തെയുമാണ് ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം വിനോദസഞ്ചാരികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ജമ്മു കശ്മീരില്‍ കൂടുതലായി ആക്രമിക്കപ്പെട്ടതെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാന തൊഴിലാളികളെ തെരഞ്ഞുപിടിച്ചുള്ള ആറ് ഭീകരാക്രമണങ്ങളാണ് 2024ല്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതിനുപുറമെ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനോ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനോ മോദി സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്നും ദേശാഭിമാനി വിമര്‍ശിച്ചു.
എന്നാല്‍ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് 2024ല്‍ മോദി സര്‍ക്കാര്‍ ജമ്മുവില്‍ താത്പര്യമില്ലാതെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തി. പക്ഷെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ പല അധികാരങ്ങളും എടുത്തുമാറ്റിയ ശേഷമാണ് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതെന്നും ദേശാഭിമാനി വിമര്‍ശിച്ചു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഇപ്പോഴും ഭരണം നിയന്ത്രിക്കുന്നത് ലെഫ്റ്റനന്റ് ഗവര്‍ണറിലൂടെ കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും ദേശാഭിമാനി പറയുന്നു.
നിലവില്‍ സൗദി സന്ദര്‍ശനം വെട്ടിക്കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ തിരിച്ചെത്തി. ദല്‍ഹിയില്‍ എത്തിയയുടനെ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി അടിയന്തിര യോഗം ചേര്‍ന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ പഹല്‍ഗാമിലെത്തും.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമിത് ഷായുമായി സംസാരിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭീകരാക്രമണത്തില്‍ കടുത്ത നടപടി ഉണ്ടാകണമെന്ന് കശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Content Highlight: The Centre’s claim that peace was restored in Jammu after the special status was revoked, which was damaged in the Pahalgam terror attack: Deshabhimani