കോട്ടയം: കോട്ടയം തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഇരുവരുടെയും വീട്ടിൽ ജോലിക്ക് നിന്നിരുന്ന അമിത് ഉറാങ് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അസം സ്വദേശി അമിത് ആണ് പ്രതി. കൊലപാതകം നടത്താൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു.
അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടാലിയിലെ ഫിംഗർ പ്രിന്റും മാച്ച് ആയതോടെയാണ് സംഭവത്തിൽ കൂടുതൽ വ്യക്തത വന്നത്. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തി എന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കേറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്ത് അകത്ത് കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതി കേരളം വിട്ടിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തുന്നത്.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം പൂർത്തിയാക്കിയ വിജയകുമാറിന്റെയും മീരയുടെയും മൃതദേഹം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാരം.
ഇന്നലെയായിരുന്നു കോട്ടയം തിരുവാതുക്കലില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍ (64), മീര (60) എന്നിവരെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരി വന്നപ്പോഴായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
Content Highlight: Thiruvathukkal double murder; Police confirm that the accused is a migrant worker, fingerprints on the axe belong to him