Entertainment
പുതിയ സംവിധായകരെപ്പോലും 'സാറേ' എന്നാണ് ആ സൂപ്പർസ്റ്റാർ വിളിക്കുന്നത്: ഛായാഗ്രാഹകൻ ഷാജി കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 03:33 am
Wednesday, 23rd April 2025, 9:03 am

മലയാളത്തിലും തമിഴിലുമായി പ്രവര്‍ത്തിക്കുന്ന ഛായാഗ്രാഹകനാണ് ഷാജി കുമാര്‍. ഷാജി കൈലാസ്, ജോഷി, വിനയന്‍, വൈശാഖ്, അനില്‍ ബാബു തുടങ്ങിയ മുന്‍ നിര സംവിധായകരുടെ കൂടെയാണ് ഇദ്ദേഹം കൂടുതലായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവാണ് ഷാജിയെ കൂടുതല്‍ പ്രശസ്തനാക്കിയത്.

2016ൽ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ സിനിമകളായ നരന്‍, ബാബ കല്യാണി, റെഡ് ചില്ലീസ്, ഒടിയന്‍, ഇട്ടിമാണി, മെയ്ഡ് ഇന്‍ ചൈന എന്നീ സിനിമകള്‍ ചെയ്തതും ഷാജി കുമാര്‍ തന്നെയാണ്. ഇപ്പോൾ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ഷാജി കുമാര്‍.

ഡയറക്ടറുടെ കീഴില്‍ വര്‍ക്ക് ചെയ്യാനുള്ള മനസ് മോഹന്‍ലാലിനുണ്ടെന്നും ഒരു ഡയറക്ടര്‍ക്ക് എന്താണ് ആവശ്യമെന്ന് മനസിലാക്കി എന്ത് വേണമെങ്കിലും ചെയ്യുന്ന ഒരാളാണ് മോഹന്‍ലാലെന്നും ഷാജി കുമാര്‍ പറയുന്നു.

അല്ലാതെ ‘ഞാന്‍ മോഹന്‍ലാലാണ് എനിക്കിതേ ചെയ്യാന്‍ പറ്റുകയുള്ളു’ എന്നല്ല മോഹന്‍ലാല്‍ പറയുകയെന്നും ഡയറക്ടറെ സാറേ എന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നതെന്നും ഷാജി കുമാര്‍ പറഞ്ഞു.

തരുണ്‍ മൂര്‍ത്തിയെപ്പോലും അങ്ങനെയാണ് വിളിക്കുന്നതെന്നും അത് ബഹുമാനം കൊണ്ടാണെന്നും അങ്ങനെത്തന്നെയാണ് സിനിമ തീരുന്നത് വരെ ചെയ്യുന്നതെന്നും ഷാജി കുമാര്‍ വ്യക്തമാക്കി.

അത് എല്ലാ ഷൂട്ടിങ് സ്ഥലത്തും താന്‍ കണ്ടിട്ടുണ്ടെന്നും ഷാജി കുമാര്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡയറക്ടറുടെ കീഴില്‍ വര്‍ക്ക് ചെയ്യാനുള്ള മനസ് സാറിനുണ്ട്. ഒരു ഡയറക്ടര്‍ക്ക് എന്താണ് ആവശ്യം ചാടണോ അല്ലെങ്കില്‍ ഓടണോ അങ്ങനെ എന്ത് വേണമെങ്കിലും ചെയ്യുന്ന ഒരാളാണ്.

അല്ലാതെ ‘ഞാന്‍ മോഹന്‍ലാലാണ് എനിക്കിതേ ചെയ്യാന്‍ പറ്റുകയുള്ളു’ എന്നല്ല പറയുന്നത്. ഡയറക്ടറെ സാറേ എന്നാണ് വിളിക്കുന്നത്. തരുണിനെപ്പോലും അങ്ങനെയാണ് വിളിക്കുന്നത്. കാരണം എന്താണെന്ന് ചോദിച്ചാല്‍ ബഹുമാനമാണ്. അങ്ങനെത്തന്നെയാണ് സിനിമ തീരുന്നത് വരെ ചെയ്യുകയുള്ളു.

അല്ലാത്ത സമയത്ത് ഫോണ്‍ ചെയ്യുമ്പോഴൊക്കെ തരുണേ എന്നൊക്കെ വിളിക്കും. പക്ഷെ സ്‌പോട്ടില്‍ അങ്ങനെയല്ല. സ്‌പോട്ടില്‍ ആ റെസ്‌പെക്ട് എപ്പോഴും ഉണ്ടാകും. അത് എല്ലാ ഷൂട്ടിങ് സ്ഥലത്തും ഞാന്‍ കണ്ടിട്ടുണ്ട്,’ ഷാജി കുമാർ പറയുന്നു.

Content Highlight: That superstar calls even new directors ‘Sir’ says Cinematographer Shaji Kumar