IPL
മറ്റുള്ളവരെ പോലെ അവന് കഴിവില്ല, പക്ഷേ മികച്ച ക്യാപ്റ്റനാണ്: യുവ നായകനെ പ്രശംസിച്ച് ഓജ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 03:07 am
Wednesday, 23rd April 2025, 8:37 am

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ദല്‍ഹിക്ക് നേടാന്‍ സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ക്യാപിറ്റല്‍സ് 17.5 ഓവറില്‍ തന്നെ മറികടക്കുകയായിരുന്നു. ഇതോടെ സീസണില്‍ സൂപ്പര്‍ ജയന്റസിനെതിരെ ഡബിള്‍ പൂര്‍ത്തിയാക്കാനും ദല്‍ഹിക്കായി.

ദല്‍ഹിക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് പോരലും വണ്‍ ഡൗണ്‍ ബാറ്റര്‍ കെ.എല്‍. രാഹുലും ആണ്. അഭിഷേക് 36 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 51 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം രാഹുല്‍ 42 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറും അടിച്ച് 57 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ക്യാപറ്റന്‍ അക്സര്‍ പട്ടേലും ക്യാപിറ്റല്‍സിനായി മികച്ച പ്രകടനം പുറത്തെടുത്തു. 20 പന്തില്‍ 34 റണ്‍സും നേടിയപ്പോള്‍ നാല് ഓവറില്‍ വെറും 29 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

അതേസമയം, ലഖ്നൗവിനായി ക്യാപ്റ്റന്‍ റിഷബ് പന്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ താരം സില്‍വര്‍ ഡക്കായി മടങ്ങുകയായിരുന്നു.

മത്സരത്തിന് ശേഷം ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാരെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ സംസാരിച്ചിരുന്നു. ഒരാള്‍ ടീമിനായി എല്ലാ മേഖലയിലും സംഭാവന ചെയ്യുമ്പോള്‍ മറ്റൊരാള്‍ റണ്‍സ് പോലും നേടുന്നില്ലായെന്ന് ഓജ പറഞ്ഞു. ക്രിക്കറ്റിലെ ചില വലിയ പേരുകളെപ്പോലെ അക്‌സറിന് കഴിവില്ലെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ താരം മുന്‍പന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു ക്യാപ്റ്റന്‍ ബാറ്റ് ചെയ്യാന്‍ വന്നില്ല, മറ്റൊരാള്‍ എല്ലാ വകുപ്പുകളിലും സംഭാവന നല്‍കി. ക്രിക്കറ്റിലെ ചില വലിയ പേരുകളെപ്പോലെ അക്‌സറിന് കഴിവില്ല, പക്ഷേ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ അവന്‍ പലരെക്കാളും മുന്നിലാണ്.

4 വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാറുമായി അവന്‍ സംസാരിക്കുന്നത് കണ്ടു. നിങ്ങളുടെ സഹതാരങ്ങളെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്,’ ഓജ പറഞ്ഞു.

ക്യാപ്റ്റനായും ഓള്‍ റൗണ്ടറായും മിന്നും പ്രകടനമാണ് അക്സര്‍ പട്ടേല്‍ നടത്തുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് 174 റണ്‍സും ഒരു വിക്കറ്റും ദല്‍ഹി ക്യാപ്റ്റന്‍ നേടിയിട്ടുണ്ട്.

അതേസമയം, ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ലഖ്നൗ നായകന്‍ മോശം ഫോമിലൂടെയാണ് കടന്ന് പോവുന്നത്. ഒമ്പത് മത്സരങ്ങളില്‍ 106 റണ്‍സാണ് താരം നേടിയത്. ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാനായി എന്നത് ഒഴിച്ചാല്‍ കാര്യമായി ഒന്നും ചെയ്യാന്‍ പന്തിനായിട്ടില്ല. രണ്ട് ഡക്കുകള്‍ അടക്കം അഞ്ച് വട്ടമാണ് താരം ഈ സീസണില്‍ ഒറ്റയക്കത്തിന് പുറത്തായത്.

നിലവില്‍ ദല്‍ഹി ക്യാപിറ്റല്‍സ് എട്ട് മത്സരങ്ങളില്‍ ആറ് വിജയവുമായി 12 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ച് വിജയവും നാല് തോല്‍വിയുമായി 10 പോയിന്റ് നേടി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

Content Highlight: IPL 2025: LSG vs DC: Former Indian Cricketer Pragyan Ojha Talks about Delhi Capitals Captain Axar Patel and Lucknow Super Giants Captain Rishabh Pant