മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് ചെറിയാന്‍ കല്പകവാടി. വേണു നാഗവള്ളിയുടെ പല ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയ ചെറിയാന്‍ കല്പകവാടിയുടെ മികച്ച ചിത്രങ്ങളാണ് ലാല്‍ സലാം, സര്‍വകലാശാല, മിന്നാരം തുടങ്ങിയവ. വേണു നാഗവള്ളി ആദ്യമായി സംവിധാനം ചെയ്ത സുഖമോ ദേവി എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ചെറിയാന്‍ കല്പകവാടി.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷത്തിലേക്ക് വേണു നാഗവള്ളി ആദ്യം മനസില്‍ കണ്ടത് മുരളിയെയായിരുന്നെന്ന് ചെറിയാന്‍ കല്പകവാടി പറഞ്ഞു. ശങ്കറിന്റെ വേഷത്തിലേക്ക് മോഹന്‍ലാലിനെയും കാസ്റ്റ് ചെയ്തിരുന്നെന്നും എന്നാല്‍ തനിക്ക് ആ കാസ്റ്റിങ്ങിനോട് യോജിപ്പില്ലായിരുന്നെന്നും ചെറിയാന്‍ കല്പകവാടി കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ സിനിമയായതുകൊണ്ട് സണ്ണി എന്ന കഥാപാത്രമായി മോഹന്‍ലാലിനെ കാസ്റ്റ് ചെയ്താല്‍ പോരെയെന്ന് ചോദിച്ചെന്നും അത് കേട്ടിട്ട് വേണു നാഗവള്ളി കാസ്റ്റ് മാറ്റിയെന്നും ചെറിയാന്‍ പറഞ്ഞു. താന്‍ മുരളിയോട് ചെയ്ത ചതിയെന്നാണ് അദ്ദേഹം പിന്നീട് അതിനെക്കുറിച്ച് പറഞ്ഞതെന്നും ചെറിയാന്‍ കല്പകവാടി കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യം പറഞ്ഞ് മുരളി തന്നോട് തമാശക്ക് ചൂടാകുമായിരുന്നെന്നും എന്നാല്‍ അതിനെക്കാള്‍ പത്തിരട്ടി സ്‌ട്രോങ്ങായ മറ്റൊരു കഥാപാത്രം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറയുമായിരുന്നെന്നും ചെറിയാന്‍ കല്പകവാടി പറഞ്ഞു. ലാല്‍ സലാമിലെ ഡി.കെ. ആന്റണി എന്ന കഥാപാത്രം പോലെ ശക്തമായ ഒന്ന് അദ്ദേഹത്തിന് പിന്നീട് കിട്ടിയിട്ടില്ലെന്നും ചെറിയാന്‍ കല്പകവാടി പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുരളിച്ചേട്ടനെ കാണുമ്പോള്‍ ഞാന്‍ എപ്പോഴും പറയുമായിരുന്നു ‘ചേട്ടനോട് ഞാന്‍ വലിയൊരു ചതി ചെയ്തിട്ടുണ്ടെന്ന്’ അത് വേറൊന്നുമല്ല. സുഖമോ ദേവിയില്‍ വേണു നാഗവള്ളി ആദ്യം കാസ്റ്റ് ചെയ്തത് മുരളി ചേട്ടനെയായിരുന്നു. മോഹന്‍ലാല്‍ ചെയ്ത ക്യാരക്ടറിലേക്ക് വേണു മനസില്‍ കണ്ടത് മുരള് ചേട്ടനെയായിരുന്നു. ശങ്കര്‍ ചെയ്ത വേഷത്തിലേക്ക് മോഹന്‍ലാലും. അങ്ങനെയായിരുന്നു ആദ്യത്തെ കാസ്റ്റ്.
വേണുവിന്റെ ആദ്യത്തെ പടമായിരുന്നു അത്. ‘ആദ്യത്തെ പടമാണ്. ഇതില്‍ നമക്ക് റിസ്‌ക് എടുക്കണ്ട, ലാലിനെ മുരളി ചേട്ടന്റെ റോളിലേക്ക് കൊണ്ടുവരാം’ എന്ന് വേണുവിനോട് പറഞ്ഞു. അങ്ങനെ ആ പടം കംപ്ലീറ്റായി. പിന്നീട് എന്നെ കാണുമ്പോള്‍ മുരളിച്ചേട്ടന്‍ ഈ കാര്യം പറയും. പക്ഷേ, സുഖമോ ദേവിയിലെക്കാള്‍ പത്തിരട്ടി ഇംപാക്ടുള്ള ഒരു ക്യാരക്ടര്‍ ലാല്‍ സലാമില്‍ പുള്ളിക്ക് കൊടുത്തിട്ടുണ്ട്,’ ചെറിയാന്‍ കല്പകവാടി പറയുന്നു.
Content Highlight: Cheriyan Kalpakavadi about Murali and Sukhamo Devi movie