മാസ് മസാല ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞ തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ കലാമൂല്യവും അതോടൊപ്പം തന്നെ വ്യവസായ മൂല്യവുമുള്ള സിനിമകള്‍ കൊണ്ട് ഇന്‍ഡസ്ട്രിയുടെതന്നെ പ്രതിച്ഛായ മാറ്റിയ അഭിനേതാവാണ് നാനി എന്ന പേരിലറിയപ്പെടുന്ന ഘണ്ടാ നവീന്‍ ബാബു. അദ്ദേഹം നായകനായെത്തിയ ജേഴ്സി, ശ്യാം സിംഗ റോയ്, ദസറ, ഹൈ നാന തുടങ്ങിയ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റുകളായിരുന്നു.
ഇപ്പോള്‍ ഒരു സിനിമയുടെ ഏറ്റവും അള്‍ട്ടിമേറ്റായ ഘടകം തിരക്കഥയാണ് എന്ന് പറയുകയാണ് നാനി.
ഫ്‌ലോപ്പ് സിനിമകള്‍ ചെയ്ത അതേ താന്‍ തന്നെയാണ് ജേഴ്സി പോലുള്ള ഹിറ്റ് സിനിമകളും ചെയ്തിട്ടുള്ളതെന്നും നമ്മളെല്ലാവരും തന്നെ സിനിമയുടെ കണ്ടന്റിനനുസരിച്ചാണ് അഭിനയത്തില്‍ നന്നാവുന്നതും മോശമാകുന്നതെന്നും നാനി പറയുന്നു. എല്ലാവരും ഒരു നടന്‍ മികച്ച നടനാണെന്ന് തിരിച്ചറിയുന്നത് അദ്ദേഹം ചെയ്ത സിനിമകളെ ആശ്രയിച്ചിരിക്കുമെന്നും നാനി കൂട്ടിച്ചേര്‍ത്തു.
നായിക ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആദ്യം ട്രോള്‍ ചെയ്യപ്പെടുകയും പിന്നീട് അതേ നടിയെത്തന്നെ മറ്റൊരു ചിത്രത്തില്‍ എല്ലാവരും പുകഴ്ത്തുകയും ചെയ്യുമെന്നും നാനി പറയുന്നു. ഏറ്റവും ആത്യന്തികമായ കാര്യം സിനിമയുടെ കണ്ടന്റും തിരക്കഥയും തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്റെ ഒരു സിനിമയില്‍ ഞാന്‍ ചെയ്ത വേഷത്തിന് രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ എനിക്ക് ഒരുപാട് സ്‌നേഹവും അപ്രിസിയേഷനുമൊക്കെ നേടി തന്ന ചിത്രങ്ങളാണ് ജേഴ്‌സി, ശ്യാം സിംഗ റോയ് ദസറ തുടങ്ങിയവ. അവിടെയും ഞാന്‍ അതേ നടന്‍ തന്നെയാണ്. എനിക്ക് തോന്നുന്നത് ഒരു നടന്‍ ഇത്രയും നല്ല നടനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് ശരിക്കും അയാള്‍ ചെയ്ത സിനിമകളെ ആശ്രയിച്ചാണ്. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ എനിക്ക് പറയാന്‍ പറ്റും. നടിമാരുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
ഒരു സിനിമയില്‍ അഭിനയിച്ചതിന് നടിയെ ആദ്യം ട്രോളും, പിന്നെ അതേ നായിക തന്നെ മറ്റൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ എല്ലാവരും പറയും അവര്‍ എന്താരു മികച്ച നടിയാണ് എന്ന്. അത് എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നത് നമ്മള്‍ തെരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റാണ് പ്രധാനം. അത് നടനാണെങ്കിലും അത് സംവിധായകനാണെങ്കിലും ഏത് സിനിമാറ്റോഗ്രാഫറാണെങ്കിലും നിങ്ങളുടെ അടുത്ത് നല്ല കണ്ടന്റ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവ് കാണിക്കാനുള്ള അവസരം ലഭിക്കും. അതുകൊണ്ട് ആത്യന്തികമായ കാര്യം സിനിമയുടെ സ്‌ക്രിപ്റ്റ് തന്നെയാണ്,’ നാനി പറയുന്നു.
Content Highlight: Nani says that the script is the ultimate thing in cinema