കുറഞ്ഞകാലങ്ങള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് നിരവധി സിനിമകളില്‍ നിമിഷ കൈയ്യടി നേടിയിട്ടുണ്ട്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഓടിക്കൊണ്ടിരിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് പുറത്തിറങ്ങിയ നിമിഷയുടെ പുതിയ ചിത്രം. ഈ ചിത്രത്തിനും നിമിഷയുടെ കഥാപാത്രത്തിനും നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്.
നിമിഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം. തുറമുഖത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ നിമിഷ സജയന്‍. മൂന്നു കാലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് തുറമുഖമെന്നും അതില്‍ രണ്ട് കാലഘട്ടങ്ങളില്‍ തന്റെ കഥാപാത്രമുണ്ടെന്നും നിമിഷ പറഞ്ഞു. ഒമാനിയെന്നാണ് കഥാപാത്രത്തിന്റെ പേരെന്നും ആ കഥാപാത്രത്തിന്റെ ബില്‍ഡപ്പ് കണ്ട് പലപ്പോഴും താന്‍ വിസ്മയിച്ച് നിന്നു പോയിട്ടുണ്ടെന്നും നിമിഷ പറയുന്നു.
ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഫിലിംവര്‍ക് ഷോപ്, സ്‌ക്രിപ്റ്റ് റീഡിങ്ങ് തുടങ്ങി ഗീതു മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വലിയ ഹോംവര്‍ക്കോടെയായിരുന്നു ചിത്രീകരണം തുടങ്ങിയതെന്നും അത് എല്ലാവരിലും അവരവരുടെ കഥാപാത്രങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടാക്കിയെന്നും അഭിമുഖത്തില്‍ നിമിഷ കൂട്ടിച്ചേര്‍ത്തു.
തുറമുഖത്തിലെ കഥാപാത്രമായി ക്യാമറയ്ക്കു മുന്നില്‍ നന്നായി പെരുമാറാന്‍ പറ്റിയെന്നും നടി പറഞ്ഞു.
നിമിഷ സജയന്‍, നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോക് തുടങ്ങി വന്‍ താരനിരയാണ് തുറമുഖത്തിലുള്ളത്. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണികണ്ഠന്‍ ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മണികണ്ഠന്‍ ആചാരിയെ തേടിയെത്തിയിരുന്നു.
കൊറോണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച് കിരാത സമ്പ്രദായമാണ് ചാപ്പ. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക