ക്ലബ്ബ് ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടങ്ങൾ.
തമ്മിൽ വലിയ ശത്രുത സൂക്ഷിക്കുന്ന ഇരു ക്ലബ്ബുകളുടെയും അഭിമാന പ്രശ്നമാണ് പരസ്പരം കളിക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കുകയെന്നത്.
എന്നാലിപ്പോൾ ബാഴ്സലോണ തങ്ങളുടെ ക്ലബ്ബിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു താരം റയൽ മാഡ്രിഡാണ് തന്റെ പ്രിയപ്പെട്ട ക്ലബ്ബ് എന്ന് തുറന്ന് പറഞ്ഞു എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
റെഡ് ബുൾ സാൽസ്ബർഗിന്റെ താരമായ ഇസ്രാഈലി പ്ലെയർ ഓസ്ക്കർ ഗ്ലോക്കാണ് തന്റെ പ്രിയപ്പെട്ട ക്ലബ്ബ് റയലാണെന്നും, സാന്തിയാഗോ ബെർണാബ്യൂവിൽ കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും തുറന്ന് പറഞ്ഞത്.
ഫോബ്സ് ഇസ്രാഈലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.
ബാഴ്സലോണ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമം നടത്തിയിരുന്ന താരമായിരുന്നു ഓസ്ക്കർ ഗ്ലോക്ക്. സാവിയുടെ പദ്ധതികൾക്കനുസരിച്ച് ബാഴ്സയിൽ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഗ്ലോക്കിനെ ക്ലബ്ബിലെത്തിക്കാൻ ബാഴ്സ ശ്രമം നടത്തിയിരുന്നത്.
“എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. ഞാൻ ഫുട്ബോൾ കളിച്ചു തുടങ്ങിയ കാലം മുതൽക്ക് തന്നെ റയൽ മാഡ്രിഡിൽ കളിക്കണമെന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. ഞാൻ ഒരു വലിയ റയൽ മാഡ്രിഡ് ആരാധകനാണ്.
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് റയലിന്റെ ജേഴ്സിയണിഞ്ഞ്, സാന്തിയാഗോ ബെർണാബ്യൂവിൽ കളിക്കുകയെന്നത്,’ ഓസ്ക്കർ ഗ്ലോക്ക് പറഞ്ഞു.
“ബാഴ്സലോണ എന്നെ വാങ്ങാൻ ശ്രമിച്ചു എന്നതിൽ ഞാൻ ആഹ്ലാദവാനാണ്. പക്ഷെ അവർ എന്നെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടു,’ ഗ്ലോക്ക് കൂട്ടിച്ചേർത്തു.
ഏഴ് മില്യൺ യൂറോക്കാണ് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഓസ്ക്കർ ഗ്ലോക്കിനെ സാൽസ്ബെർഗ് സൈൻ ചെയ്തത്.
ക്ലബ്ബിനായി കളിച്ച അഞ്ച് മത്സരങ്ങൾ കൊണ്ട് തന്നെ തന്റെ ക്വാളിറ്റി തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം ലാ ലിഗയിൽ 23 മത്സരങ്ങളിൽ നിന്നും 59 പോയിന്റോടെ ബാഴ്സ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ അത്ര തന്നെ മത്സരങ്ങളിൽ നിന്നും 52 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.
മാർച്ച് മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 1:30നാണ് റയലും ബാഴ്സയും തമ്മിലുള്ള അടുത്ത എൽ ക്ലാസിക്കോ മത്സരം.