Film News
'അംബേദ്കറുടെ പ്രസംഗം കേട്ട അതേ ആളുകള്‍ അവിടെയുണ്ടായിരുന്നു, മമ്മൂക്കയെ കണ്ട് അവര്‍ കരഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 25, 04:00 am
Friday, 25th August 2023, 9:30 am

ബി.ആര്‍. അംബേദ്കറിന്റെ ജീവിതം ആസ്പദമാക്കി 2000ത്തില്‍ പുറത്തുവന്ന ചിത്രമാണ് അംബേദ്കര്‍. മമ്മൂട്ടിയാണ് ചിത്രത്തില്‍ അംബേദ്കറായി എത്തിയത്.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് മുകേഷ്. ഒരു വലിയ മീറ്റിങ്ങില്‍ മമ്മൂട്ടി പ്രസംഗിക്കുന്നത് ഷൂട്ട് ചെയ്യവേ അംബേദ്കര്‍ പ്രസംഗിക്കുന്നത് കേട്ട അതേ ആളുകള്‍ അവിടെ ഉണ്ടായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. മമ്മൂട്ടിയെ കണ്ട് അവര്‍ കരഞ്ഞുവെന്നും അവര്‍ക്ക് അപ്പോള്‍ അംബേദ്കറിനെയാണ് ഓര്‍മ വന്നതെന്നും മുകേഷ് പറഞ്ഞു. മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അംബേദ്കര്‍ സിനിമയില്‍ അംബേദ്കറായി അഭിനയിച്ചത് മമ്മൂക്കയാണ്. ജബ്ബാര്‍ പട്ടേലാണ് അതിന്റെ സംവിധായകന്‍. വലിയ ബ്രഹ്‌മാണ്ഡ ചിത്രമാണ്. ഇന്ത്യക്കാരുടെ അഭിമാനവും വികാരവുമായ ഗാന്ധിജിയെ അഭിനയിപ്പിക്കാന്‍ വേണ്ടി ഇന്ത്യയില്‍ ആളെ കിട്ടാത്തതുകൊണ്ട് ബെന്‍ കിങ്‌സ്‌ലിയെ കൊണ്ട് അന്ന് അഭിനയിപ്പിച്ച ആളാണ് ജബ്ബാര്‍ പട്ടേല്‍.

അതുപോലെ അംബേദ്കറിനെ അവതരിപ്പിക്കാനും ഒരു അഭിനേതാവിനെ കിട്ടാനായി അദ്ദേഹം ഒരുപാട് ശ്രമിച്ചു. മമ്മൂക്കയുടെ താടിയുടെ ഭാഗം ഒന്ന് മേക്കപ്പ് ചെയ്തുകഴിഞ്ഞാല്‍ കറക്ട് അംബേദ്കറാണ്. അങ്ങനെ മമ്മൂക്ക വന്നു. അദ്ദേഹം തന്നെ ഷൂട്ടിങ് കഴിഞ്ഞ് എന്നോട് പറഞ്ഞ അനുഭവമുണ്ട്.

ഒരു വലിയ മീറ്റിങ് നടക്കുകയാണ്, എല്ലാവരും ബുദ്ധമതം സ്വീകരിക്കുന്ന ഒരു മീറ്റിങ്. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മീറ്റിങ്ങില്‍ അംബേദ്കര്‍ പ്രസംഗിക്കുന്ന രംഗമാണ്. മമ്മൂക്ക അംബേദ്കറിന്റെ രീതികള്‍ പഠിച്ചാണ് ചെയ്യുന്നത്.

അന്ന് അംബേദ്കര്‍ പ്രസംഗിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ ആളുകള്‍ ആ വേദിയിലുണ്ടായിരുന്നു. ഷൂട്ടിങ് കാണാനും അതില്‍ പങ്കെടുക്കാനുമൊക്കെയായി വന്നതാണ്. ഇവരെല്ലാം മമ്മൂക്കയെ കണ്ട് കരയുവാണ്. കാരണം അവര്‍ക്ക് അത് അംബേദ്കറാണ്. പണ്ട് കണ്ട കാഴ്ച വീണ്ടും കണ്ടപോലെ അവര്‍ക്ക് തോന്നി. എല്ലാവരും കയ്യില്‍ പിടിച്ച് കരഞ്ഞിട്ടാണ് പോയത്,’ മുകേഷ് പറഞ്ഞു.

Content Highlight: Mukesh about Ambedkar movie and mammootty