മലപ്പുറം: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ സ്വസ്ഥജീവിതത്തിന് നേര്‍ക്കുള്ള ഹീനമായ കടന്നുകയറ്റമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ വന്നുചേരുന്ന സമയമാണ് ആക്രമണത്തിനായി ഭീകരര്‍ തെരഞ്ഞെടുത്തതെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
ജനങ്ങളെ ഭയപ്പെടുത്തി കശ്മീരിലേക്കുള്ള ഒഴുക്ക് തടയുകയും സമാധാനാന്തരീക്ഷം തകര്‍ത്ത് പ്രശ്നകലുഷമായ ജീവിതത്തിലേക്ക് കശ്മീരികളെ തള്ളി വിടുകയുമാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഇത്തരം പ്രവണതകള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കിയിട്ടില്ല. അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കശ്മീരികളുടെ ജീവിതം പൂര്‍വസ്ഥിതിയിലേക്ക് എളുപ്പം തിരിച്ചുകൊണ്ട് വരുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകണം,’ എ.പി. അബൂബക്കര്‍ മുസ്‌ലിയാർ പറഞ്ഞു.
ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പഹല്‍ഗാമില്‍ 28 പേരുടെ ജീവനെടുത്ത ആക്രമണം നടത്തിയ തീവ്രവാദികളുടെ രേഖാചിത്രം ജമ്മു കശ്മീര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടത്. ആസിഫ് ഫൗജി, സുലെമാന്‍ ഷാ, അബു തല്‍ഹ എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും അന്വേഷണസംഘം പറഞ്ഞു. തീവ്രവാദികളില്‍ ഒരാള്‍ എ.കെ-47 റൈഫിള്‍ പിടിച്ചുകൊണ്ട് പ്രദേശത്തുകൂടി ഓടുന്നതിന്റെ ഒരു ഫോട്ടോ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം, ഭീകരാക്രമണത്തില്‍ മരിച്ച 26 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യു.പി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്.
നേപ്പാളില്‍ നിന്നുള്ള ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ശ്രീനഗറില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളിയും കൊച്ചി സ്വദേശിയുമായ രാമചന്ദ്രന്റെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മണിയോടെ ദല്‍ഹിയില്‍ എത്തിക്കും.
Content Highlight: Terrorism cannot defeat India, the perpetrators must be caught and punished: Kanthapuram AP Abubakr Musliyar