Entertainment
എമ്പുരാന്റെ കളക്ഷനും ബിലാലിന്റെ ഹൈപ്പും മറികടക്കാന്‍ കെല്പുള്ള ഐറ്റം, മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് ആകാംക്ഷയോടെ ആരാധകര്‍

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 250 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന എമ്പുരാന്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എമ്പുരാന്റെ വിജയം പല വലിയ പ്രൊജക്ടുകള്‍ക്കും വഴിതുറക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന മോഹന്‍ലാലിന്റെ പല പ്രൊജക്ടുകളും അധികം വൈകാതെ അനൗണ്‍സ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ പ്രൊജക്ടാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്.

സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഇന്‍ഡസ്ട്രിയിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. എട്ട് വര്‍ഷമായി അനൗണ്‍സ് ചെയ്തിരിക്കുന്ന ബിലാല്‍ വൈകുന്ന വേളയിലാണ് അമല്‍ നീരദ് മോഹന്‍ലാലുമായി കൈകോര്‍ക്കുന്ന പ്രൊജക്ടിനെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത്.

ആശീര്‍വാദ് സിനിമാസ് തന്നെയാകും ഈ ചിത്രവും നിര്‍മിക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയനായി നില്‍ക്കുന്ന ഫഹദ് ഫാസിലിന്റെ സാന്നിധ്യവും മോഹന്‍ലാല്‍- അമല്‍ നീരദ് ചിത്രത്തില്‍ ഉണ്ടായേക്കുമെന്നും റൂമറുകളുണ്ട്. അഭ്യൂഹങ്ങള്‍ സത്യമാണെങ്കില്‍ എമ്പുരാന്‍ നിലവില്‍ നേടിയ റെക്കോഡെല്ലാം മറികടക്കാന്‍ കഴിയുന്ന പ്രൊജക്ട് തന്നെയാകും ഇത്.

അമല്‍ നീരദ് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ബോഗെയ്ന്‍വില്ലക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 35 കോടിയോളം സ്വന്തമാക്കിയിരുന്നു. ബിലാലിന് മുമ്പ് ഒരു ചെറിയ ചിത്രം അമല്‍ നീരദ് ഒരുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

അതേസമയം എമ്പുരാന്റെ വിജയത്തിന് പിന്നാലെ മോഹന്‍ലാലിന്റെ അടുത്ത ചിത്രം തുടരും റിലീസിന് തയാറെടുക്കുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. മഹേഷ് നാരായാണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ട്, സത്യന്‍ അന്തിക്കാടിനൊപ്പം ഒന്നിക്കുന്ന ഹൃദയപൂര്‍വം, പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പ എന്നിവയാണ് മോഹന്‍ലാലിന്റെ നിലവിലെ ലൈനപ്പ്.

Content Highlight: Mohanlal Amal Neerad project almost confirmed and waiting for official announcement