കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞായറാഴ്ച കോഴിക്കോടെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതായി പരാതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോട് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഇതേ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതായി എം. കെ രാഘവന്‍ എം പി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘അമിത്ഷായ്ക്ക് അനുമതി നല്‍കി. രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു. കനത്ത ഏകപക്ഷീയമായ നടപടിയാണ് അത്. ആരെ പ്രീതിപ്പെടുത്താനാണ് അദ്ദേഹം ചെയ്തത് എന്ന് അറിയില്ല. അമിത്ഷായ്ക്ക് ഒരു നിയമം, ഞങ്ങള്‍ക്ക് ഒരു നിയമം ശരിയല്ലല്ലോ,’ എം. കെ രാഘവന്‍ എം. പി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഹെലികോപ്റ്റര്‍ ഇറക്കുന്നതിനായി വേറെ ഗ്രൗണ്ട് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും എം. പി പറഞ്ഞു.
ശനിയാഴ്ച കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി എം. ടി രമേശ്, കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്, കുന്ദമംഗലം സ്ഥാനാര്‍ത്ഥി വി. കെ സജീവ് തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ കോഴിക്കോട് എത്തിയത്.
ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ മാനാഞ്ചിറയില്‍ കമ്മീഷണര്‍ ഓഫീസ് പരിസരത്ത് അവസാനിച്ചു.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായായിരുന്നു രാഹുല്‍ ഗാന്ധി ഇന്ന് പര്യടനം നടത്തിയത്. കോഴിക്കോട് ജില്ലയിലെ വടക്കന്‍ പ്രദേശമായ പുറമേരി, കൊയിലാണ്ടി എന്നിവിടങ്ങളിലായിരുന്നു രാഹുല്‍ പര്യടനം നടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക