ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി; യൂട്യൂബ് ചാനലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും
Kerala News
ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി; യൂട്യൂബ് ചാനലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2024, 10:28 am

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി. ചോദ്യ പേപ്പര്‍ യൂട്യൂബ് ചാനലുകളിലൂടെ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തെ ഗൗരവമായി കാണുമെന്നും സര്‍ക്കാരിന്റെ ശമ്പളം വാങ്ങിക്കൊണ്ട് പ്രതിബദ്ധതകള്‍ക്കപ്പുറം വഞ്ചനാപരമായ നടപടി സ്വീകരിച്ച അധ്യാപകര്‍ ആരായാലും അന്വേഷണം ഉണ്ടാവുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന സിസ്റ്റത്തോടുള്ള വെല്ലുവിളിയാണിതെന്നും പൊതുവിദ്യാഭ്യാസത്തിനെതിരായുള്ള ശ്രമത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങളടക്കം ശേഖരിക്കുമെന്നും ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പര്‍ പുറത്താവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചില വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ചോര്‍ച്ച ഉണ്ടായിട്ടുള്ളതെന്നും വിവിധ തലങ്ങളിലായി അന്വേഷണം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിന് അപ്പുറത്തേക്ക് ഗൗരവകരമായി തന്നെ വിഷയത്തെ സമീപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

Content Highlight: Minister confirms question paper leak; Strict action will be taken against YouTube channels