Entertainment
ആ മോഹന്‍ലാല്‍ ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ പല നായികനടിമാരും വിസമ്മതിച്ചു: മീര വാസുദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 06, 10:54 am
Thursday, 6th March 2025, 4:24 pm

ബ്ലെസി സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു തന്മാത്ര. പത്മരാജന്റെ ‘ഓര്‍മ’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ ഒരുങ്ങിയത്. അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച രമേശന്‍ നായറായി ഈ ചിത്രത്തില്‍ എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.

അദ്ദേഹത്തിന് പുറമെ അര്‍ജുന്‍ ലാല്‍, ബേബി നിരഞ്ജന, നെടുമുടി വേണു തുടങ്ങിയവരായിരുന്നു തന്മാത്രയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. സിനിമയില്‍ മോഹന്‍ലാലിന്റെ പങ്കാളിയായി എത്തിയത് മീര വാസുദേവ് ആയിരുന്നു.

ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ തന്മാത്ര സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് മീര വാസുദേവ്. ചിത്രത്തില്‍ ലേഖ എന്ന കഥാപാത്രമായിട്ടായിരുന്നു മീര അഭിനയിച്ചിരുന്നത്.

‘2005ല്‍ ബ്ലെസ്സി സാറിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ മലയാള സിനിമയിലെത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ സിനിമാജീവിതത്തില്‍ എനിക്ക് ബ്ലെസ്സിങ് കിട്ടിയ സിനിമയായിരുന്നു തന്മാത്ര. അന്ന് എനിക്ക് 23 വയസായിരുന്നു പ്രായം.

രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ അന്നത്തെ പല നായികനടിമാരും വിസമ്മതിച്ചു. അതിനെത്തുടര്‍ന്നായിരുന്നു ആ കഥാപാത്രം എന്നെ തേടി വന്നത്. ആ സമയത്ത് ഞാന്‍ തമിഴിലും തെലുങ്കിലുമൊക്കെ ചില സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അതിന്റെ ഇടയിലാണ് സെഞ്ച്വറി ഫിലിംസില്‍ നിന്നും എനിക്കൊരു കോള്‍ വന്നത്. ആ കോള്‍ വരുമ്പോഴും ഈ കഥാപാത്രം സെഞ്ച്വറിയടിക്കാന്‍ ഉള്ളതായിരിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്നും തന്മാത്രയിലെ മീര വാസുദേവ് എന്നാണ് ആളുകള്‍ പറയുന്നത്.

ആ സിനിമ എന്റെ ലൈഫിലെ തന്നെ ലാന്റ്മാര്‍ക്കായി മാറിയിരുന്നു. 14 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആളുകള്‍ എന്നെ കാണുമ്പോള്‍ തന്മാത്രയിലെ ലേഖ എന്നുപറഞ്ഞ് തിരിച്ചറിയുന്നു. അങ്ങനെതന്നെ കേള്‍ക്കാനാണ് എനിക്കിഷ്ടവും,’ മീര വാസുദേവ് പറയുന്നു.

Content Highlight: Meera Vasudevan Talks About Thanmathra Movie