ന്യൂദല്‍ഹി: രാജ്യത്ത് മി ടൂ ക്യാംപയ്ന്‍ ആരംഭിച്ചത് മനസ്സില്‍ ലൈംഗികവൈകൃതം കൊണ്ടുനടക്കുന്ന ചിലരാണെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. പീഡനം നടന്നു വര്‍ഷങ്ങള്‍ക്കുശേഷം കുറ്റപ്പെടുത്തലുമായി രംഗത്തെത്തുന്നത് അദ്ഭുതകരമായ കാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മീ ടൂ വിവാദത്തില്‍പ്പെട്ട് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പൊന്‍ രാധാകൃഷ്ണന്‍.
“അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവത്തെപ്പറ്റി ഇപ്പോള്‍ ആരോപണം ഉന്നയിച്ചാല്‍ അതെങ്ങനെ ശരിയാകും? ലൈംഗികവൈകൃതം കൊണ്ടുനടക്കുന്ന മനസ്സുള്ളവരാണ് ഈ ക്യാംപെയ്‌നു പിന്നില്‍.
ഇന്ത്യയുടെയും ഇവിടത്തെ വനിതകളുടെയും പ്രതിച്ഛായ നശിപ്പിക്കുന്നതിനാണ് ഈ വിവാദം. വനിതകള്‍ക്കു സമാനമായി പുരുഷന്മാരും ഇതുപോലെ പരാതിയുമായി രംഗത്തു വന്നാല്‍ എങ്ങനെയുണ്ടാകും? അതും അംഗീകരിക്കാനാകുമോ?” രാധാകൃഷ്ണന്‍ ചോദിച്ചു.
അതേസമയം, ലൈംഗിക പീഡനാരോപണം അന്വേഷിക്കുന്നതിന് എല്ലാ പാര്‍ട്ടികളും ആഭ്യന്തര പരാതി പരിഹാര സമിതികള്‍ക്കു രൂപം നല്‍കണമെന്നു വനിതാശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 6 ദേശീയ പാര്‍ട്ടികള്‍ക്കും 59 പ്രാദേശിക പാര്‍ട്ടികള്‍ക്കും മേനക കത്തെഴുതി.
സമിതി രൂപീകരിച്ച കാര്യം പാര്‍ട്ടികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരികരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലിടത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഏതൊരു ചെറിയ പ്രശ്‌നം പോലും നേരിടാനാണു കേന്ദ്രം ശ്രമിക്കുന്നതെന്ന് മേനക പറഞ്ഞിരുന്നു.
നേരത്തേ പരാതി പരിഹാര സമിതി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ബോളിവുഡിലെ പ്രൊഡക്ഷന്‍ കമ്പനികള്‍ക്കും മന്ത്രി കത്തയച്ചിരുന്നു. 7 കമ്പനികള്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.
തൊഴിലിടത്തില്‍ മാത്രമല്ല, സമൂഹത്തില്‍ എല്ലായിടത്തും വനിതകളെ തുല്യരായി കാണണമെന്നതാണു കേന്ദ്രത്തിന്റെ നയമെന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞിരുന്നു. അക്ബറിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.