Advertisement
Entertainment
നേരം സിനിമയില്‍ അല്‍ഫോണ്‍സിനോട് ചോദിക്കാതെയാണ് ഞാന്‍ ആ കാര്യം ചെയ്തത്: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 13, 10:31 am
Tuesday, 13th August 2024, 4:01 pm

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മനോജ് കെ. ജയന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു നേരത്തിലെ റേയ് ബാന്‍.

ഒരല്പം കോമിക് ടച്ചുള്ള കഥാപാത്രത്തെ ഗംഭീരമായാണ് മനോജ് കെ. ജയന്‍ അവതരിപ്പിച്ചത്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് താരം തെളിയിച്ച സിനിമ കൂടിയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം. ചിത്രത്തിലേക്ക് തന്നെ വിളിച്ച സമയത്ത് ബിഗ് ബിയിലെ എഡ്ഡി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് വേണമെന്നാണ് പറഞ്ഞതെന്നും അതുപോലെയാണ് ലൊക്കേഷനിലേക്കെത്തിയതെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

എന്നാല്‍ മേക്കപ്പിന്റെ സമയത്ത് ആ കഥാപാത്രം കുറച്ച് മണ്ടനാണെന്ന് മനസിലായെന്നും അത് കുറച്ചുകൂടി കണക്ടാക്കാന്‍ വേണ്ടി മീശ വടിച്ചെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. അല്‍ഫോണ്‍സ് ഇക്കാര്യം എങ്ങനെ തന്നോട് പറയണമെന്നറിയാതെ നില്‍ക്കുകയായിരുന്നുവെന്ന് തന്നോട് പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ. ജയന്‍ ഇക്കാര്യം പറഞ്ഞത്.

‘നേരത്തിലേക്ക് അല്‍ഫോണ്‍സ് എന്നെ വിളിച്ചപ്പോള്‍ ബിഗ് ബിയിലെ ഗെറ്റപ്പാണ് സജസ്റ്റ് ചെയ്തത്. എഡ്ഡിയെപ്പോലെ മുടി ബാക്കിലേക്ക് ചീകി വെക്കുന്നതാണ് ക്യാരക്ടറിന് ചേരുകയെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലെത്തി മേക്കപ്പ് ചെയ്യാന്‍ ഇരുന്നു. മേക്കപ്പ ചെയ്ത് കഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയപ്പോളാണ് ഈ ക്യാരക്ടര്‍ കുറച്ച് ഫൂളാണ്. അത് ഓഡിയന്‍സിന് കണക്ടാകാന്‍ വേണ്ടി മീശ വടിച്ചാലോ എന്ന് തോന്നി.

ആ സമയത്ത് അങ്ങനെ തോന്നിയപ്പോള്‍ ഞാന്‍ അല്‍ഫോണ്‍സിനോട് ചോദിക്കാതെ മീശ വടിച്ചു. അത് ഓക്കെയാണോ എന്ന് അറിയാന്‍ വേണ്ടി അല്‍ഫോണ്‍സിനെ വിളിച്ചു. എന്റെ ഗെറ്റപ്പ് കണ്ടിട്ട് ‘ചേട്ടാ, ഈ മീശ വടിക്കണം എന്ന് എങ്ങനെ പറയണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു. അത് പറയാന്‍ മടിയായിരുന്നു’ എന്ന് അല്‍ഫോണ്‍സ് പറഞ്ഞു. ആ ലുക്ക് ഓക്കെയാണോ എന്ന് ചോദിച്ചപ്പോള്‍ ‘ഡബിള്‍ ഓക്കെ’ എന്ന് അല്‍ഫോണ്‍സ് പറഞ്ഞു.

Content Highlight: Manoj K Jayan about Neram movie and Alphonse Puthren