Obituary
സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനാണ് മനോജ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകിട്ടായിരുന്നു മരണം.

ഒരു മാസം മുമ്പ് മനോജ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.

നിരവധി സിനിമകളില്‍ അഭിനയിച്ച മനോജ് അച്ഛനായ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്.

സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2022ല്‍ കാര്‍ത്തി നായകനായി എത്തിയ വിരുമന്‍ ആയിരുന്നു അദ്ദേഹം അഭിനയിച്ച അവസാന സിനിമ.

Content Highlight: Manoj Bharathiraja Passed Away