Advertisement
national news
നുപുര്‍ ശര്‍മയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് വീണ്ടും ആള്‍ക്കൂട്ട മര്‍ദനം; യുവാവിനെ സംഘം ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 07, 10:38 am
Sunday, 7th August 2022, 4:08 pm

മുംബൈ: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് വീണ്ടും ആക്രമണം. മഹാരാഷ്ട്രയില്‍ അഹമ്മദ്ഗനറില്‍ ആഗസ്റ്റ് നാലിനായിരുന്നു സംഭവം. നുപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് 22കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുവെന്നാണ് കേസ്. അഹമ്മദ് നഗര്‍ സ്വദേശിയായ സണ്ണി രാജേന്ദ്ര പവാര്‍ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വടിവാള്‍ ഉള്‍പ്പെടെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.

അഹമ്മദ്നഗര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റര്‍ അകലെ കര്‍ജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് അക്രമണം നടന്നത്. സംഘം ചേര്‍ന്നെത്തിയ സംഘം 14 പേര്‍ വാള്‍, വടി, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ പരാതിക്കാരനായ പവാറും സുഹൃത്തും മെഡിക്കല്‍ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

നുപുര്‍ ശര്‍മയെ അനുകൂലിച്ച് യുവാവ് പോസ്റ്റിട്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയിട്ടെന്നും ആക്രോശിച്ച് അക്രമകാരികള്‍ എത്തുകയായിരുന്നുവെന്നും പിന്നീട് കയ്യില്‍ കരുതിയ മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ആക്രമണത്തെ പവാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ടാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നൂപുര്‍ ശര്‍മ യെ പിന്തുണച്ച് പവാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് പരാതിയില്‍ പരാമര്‍ശമുണ്ടെങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അതിനെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും പൊലീസ് പറഞ്ഞു.

പവാറിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും നിലവില്‍ രണ്ട് കേസുകള്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്

14 പേര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.. സംഭവത്തെ അപലപിച്ച ബി.ജെ.പി എം.എല്‍.എ നിതേഷ് റാണെ രംഗത്തെത്തിയിരുന്നു.

മുന്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാജ്യത്ത് ആക്രമണങ്ങള്‍ പതിവാകുകയാണ്. നുപുറിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസെടുത്തിരുന്നു.

ജൂണില്‍ നുപുര്‍ ശര്‍മയ്‌ക്കെതിരെ പോസ്റ്റിട്ടതിന് ഉദയ്പൂരില്‍ യുവാവിനെ സംഘം കൊലപ്പെടുത്തിയിരുന്നു. പിന്നീട് പ്രതികളുടെ ബി.ജെ.പി ബന്ധവും വാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ഇതേകാരണത്താല്‍ രസതന്ത്രജ്ഞനായ കോല്‍ഹെയും കൊല്ലപ്പെട്ടിരുന്നു.

ഗ്യാന്‍വാപി വിഷയത്തില്‍ ടൈം നൗ ന്യൂസ് നടത്തിയ ചര്‍ച്ചയിലായിരുന്നു നുപുര്‍ ശര്‍മ പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന് പിന്നാലെ തന്നെ രാജ്യത്ത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

രാജ്യത്തെ ക്രമസമാധാനം തകര്‍ത്തതിന് നുപുര്‍ ശര്‍മയെ സുപ്രീം കോടതിയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Content Highlight: Man attacked by mob for posting in support of nupur sharma