ഐ.സി.വി വിപണിയിലേക്ക് മഹീന്ദ്ര
Mahindra
ഐ.സി.വി വിപണിയിലേക്ക് മഹീന്ദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2018, 10:41 pm

പുണെ: ഇടത്തരം വാണിജ്യ വാഹന (ഐ.സി.വി) വിപണിയിലേക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും കാലെടുത്തുവെയ്ക്കുന്നു. ഫ്യൂരിയൊ ശ്രേണിയിലാവും മഹീന്ദ്രയുടെ ഐ.സി.വി ട്രക്കുകള്‍ വില്‍പ്പനയ്‌ക്കെത്തുക.

പുണെയ്ക്കടുത്ത് ചക്കനിലെ ശാലയിലാവും മഹീന്ദ്ര ഫ്യുരിയൊ ശ്രേണി നിര്‍മിക്കുക. 600 കോടി രൂപ ചെലവിലാണ് ചക്കനില്‍ മഹീന്ദ്ര പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്.

ഫ്യൂരിയൊയ്ക്കുള്ള യന്ത്രഘടകങ്ങള്‍ ലഭ്യമാക്കുന്നത് 150 സപ്ലയര്‍മാരാണ്. ഇറ്റലിയിലെ പിനിന്‍ഫരിനയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട രൂപകല്‍പ്പനയോടെ എത്തുന്ന ഫ്യൂരിയൊ ഈ വിഭാഗത്തില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അവകാശപ്പെടുന്നത്.


Read:  ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉറപ്പില്‍ ലോറി സമരം പിന്‍വലിച്ചു


ഉയര്‍ന്ന സുരക്ഷയും മികച്ചതും സുഖകരവുമായ കാബിനുമൊക്കെ വാഗ്ദാനം ചെയ്യുന്ന ഫ്യൂരിയോക്ക് ഐ.സി.വി വിഭാഗത്തില്‍ പുതിയ നിലവാരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഏഴു മുതല്‍ 16.2 ടണ്‍ വരെ ഭാരവാഹക ശേഷിയുള്ള ഐ. സി.വിയായ ഫ്യൂരിയൊ എത്തുന്നതോടെ ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയിലെ എല്ലാ വിഭാഗത്തിലും സാന്നിധ്യമുറപ്പാക്കാന്‍ മഹീന്ദ്രയ്ക്ക് സാധിക്കുമെന്ന് കമ്പനി പ്രസിഡന്റ് രാജന്‍ വധേര വ്യക്തമാക്കി.

വിവിധ ഭൂപ്രകൃതികളിലായി 17 ലക്ഷത്തോളം കിലോമീറ്റര്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫ്യൂരിയൊ വില്‍പ്പനയ്‌ക്കെത്തുന്നത്. ട്രക്ക് വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് കമ്പനിയുടെ മുന്നേറ്റം. രണ്ടോ മൂന്നോ വര്‍ഷത്തിനകം വാണിജ്യ വാഹന വിപണിയില്‍ രണ്ടാമതെത്താനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.