'അക്രമങ്ങള്‍ക്ക് സി.പി.ഐ.എം ഒരിക്കലും കൂട്ടുനില്‍ക്കില്ല, ഇത് ഒരു അവസരമാക്കി സി.പി.ഐ.എമ്മിന് നേരെ കോണ്‍ഗ്രസുകാര്‍ നടത്തുന്ന അക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണം': എം.എ. ബേബി
കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത എസ്.എഫ്.ഐ നടപടിയെ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആക്രമണങ്ങള്‍ക്ക് സി.പി.ഐ.എം കൂട്ടുനില്‍ക്കില്ലെന്നും, രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ ഏതെങ്കിലും സി.പി.ഐ.എം-എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.എ ബേബി പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ഒരു അവസരമാക്കി കേരളമാകെ സി.പി.ഐ.എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കോണ്‍ഗ്രസുകാര്‍ നടത്തുന്ന അക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് സി.പി.ഐ.എം ഒരിക്കലും കൂട്ടുനില്‍ക്കില്ല. ഈ അക്രമസംഭവത്തില്‍ ഏതെങ്കിലും എസ്.എഫ്.ഐ – സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.
ഇത് ഒരു അവസരമാക്കി കേരളമാകെ സി.പി.ഐ.എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കോണ്‍ഗ്രസുകാര്‍ നടത്തുന്ന അക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നു. അക്രമം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടണം,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തെ അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
ജനാധിപത്യപരമായി എല്ലാവര്‍ക്കും വിമര്‍ശിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് അതിരുവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു പ്രസ്ഥാനവനും ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടത് എന്നായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.
Content Highlight: MA baby condemns attack on rahul gandhi’s office in kalpatta