തീവണ്ടി അപകടം തടയാന്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മോദി സര്‍ക്കാര്‍ പൊങ്ങച്ചം പറയുന്നു; ഫലത്തില്‍ ഇല്ല: എം. എ ബേബി
Kerala News
തീവണ്ടി അപകടം തടയാന്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മോദി സര്‍ക്കാര്‍ പൊങ്ങച്ചം പറയുന്നു; ഫലത്തില്‍ ഇല്ല: എം. എ ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd June 2023, 11:15 pm

തിരുവനന്തപുരം: തീവണ്ടി അപകടം തടയാന്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ പൊങ്ങച്ചം പറയുകയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മറ്റ് അവകാശവാദങ്ങള്‍ പോലെ ട്രെയ്ന്‍ സുരക്ഷയും ഫലത്തില്‍ ഇല്ലെന്നും അദ്ദേഹം പ്രസ്താവനയിറക്കി.

റെയില്‍വേ സര്‍ക്കാര്‍ എന്ത് ചെയ്യുന്നുവെന്ന് വിശദമായി വിലയിരുത്തപ്പേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ റെയില്‍വേ സുരക്ഷയ്ക്ക് സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് വിശദമായി വിലയിരുത്തപ്പെടണം. തീവണ്ടി അപകടം തടയാന്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ മോദി സര്‍ക്കാര്‍ പൊങ്ങച്ചം പറയുന്നതല്ലാതെ മറ്റ് അവകാശവാദങ്ങളിലെല്ലാം പോലെ ഫലത്തില്‍ ഇല്ല എന്നതാണ് അവസ്ഥ.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നത് മുതല്‍ നമ്മുടെ രാജ്യത്തെ ഓരോ പൊതു സംവിധാനത്തിന്റെയും വളര്‍ച്ച തടയപ്പെടുകയും അവയെ മനഃപൂര്‍വം തകര്‍ക്കുകയും ചെയ്യുകയാണ്. തപാല്‍, ടെലിഫോണ്‍, പൊതുമേഖലാ വ്യവസായങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം, കൃഷി, ശാസ്ത്രം, സാംസ്‌കാരിക രംഗം എന്നിങ്ങനെ എല്ലാ രംഗത്തും വലിയ തകര്‍ച്ച ഉണ്ടായി,’ എം.എ ബേബി പറഞ്ഞു.

ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശഭരണകൂടം രാജ്യത്തെ തകര്‍ക്കുന്ന പോലെയാണ് മോദി സര്‍ക്കാര്‍ ഈ ദേശദ്രോഹം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ ബാധ്യസ്ഥരാണെന്നും തീവണ്ടിയില്‍ യാത്ര ചെയ്തവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പൂര്‍ണമായും റെയില്‍വേയുടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും എം.എ ബേബി പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

അതിദാരുണമായ ഒരു ദുരന്തമാണ് ഇന്നലെ ഒഡിഷയിലെ ബാലസോറിലുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ഒരു ചരക്ക് വണ്ടിയില്‍ ഇടിച്ച് മറിഞ്ഞു.

തുടര്‍ന്ന് അതിന്റെ ബോഗികളുടെ മേല്‍ ബെംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന തീവണ്ടി വന്ന് കയറുകയുമായിരുന്നു എന്നാണ് അറിയുന്നത്. 100 കണക്കിന് ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കേരളത്തിലേക്കും മറ്റും വരികയായിരുന്ന തൊഴിലാളികളാണ് മരിച്ചവരില്‍ വലിയൊരു പങ്കും എന്നാണ് മനസിലാക്കുന്നത്. തീവണ്ടി യാത്ര സംബന്ധിച്ച സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഇന്നും ഇത്രയും വലിയ ഒരു അപകടം ഒഴിവാക്കാനാവേണ്ടതാണ്.

നമ്മുടെ റെയില്‍വേ സുരക്ഷയ്ക്ക് സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് വിശദമായി വിലയിരുത്തപ്പെടണം. തീവണ്ടി അപകടം തടയാന്‍ കവച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ മോദി സര്‍ക്കാര്‍ പൊങ്ങച്ചം പറയുന്നതല്ലാതെ മറ്റ് അവകാശവാദങ്ങളിലെല്ലാം പോലെ ഫലത്തില്‍ ഇല്ല എന്നതാണ് അവസ്ഥ.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നത് മുതല്‍ നമ്മുടെ രാജ്യത്തെ ഓരോ പൊതു സംവിധാനത്തിന്റെയും വളര്‍ച്ച തടയപ്പെടുകയും അവയെ മനഃപൂര്‍വം തകര്‍ക്കുകയും ചെയ്യുകയാണ്. തപാല്‍, ടെലിഫോണ്‍, പൊതുമേഖലാ വ്യവസായങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം, കൃഷി, ശാസ്ത്രം, സാംസ്‌കാരിക രംഗം എന്നിങ്ങനെ എല്ലാ രംഗത്തും വലിയ തകര്‍ച്ച ഉണ്ടായി.

ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശഭരണകൂടം രാജ്യത്തെ തകര്‍ക്കുന്ന പോലെയാണ് മോദി സര്‍ക്കാര്‍ ഈ ദേശദ്രോഹം കാണിക്കുന്നത്. ഈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ ഇതോടെ അനാഥമാവുകയാണ്. പ്രത്യേകിച്ചും അന്നം നേടുന്ന തൊഴിലാളികളാണ് മരിച്ചത് എന്നതിനാല്‍. പരിക്കേറ്റവര്‍ക്കും ജീവിതം ഇനി ഒരു ചോദ്യചിഹ്നമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ ബാധ്യസ്ഥരാണ്. തീവണ്ടിയില്‍ യാത്ര ചെയ്ത ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പൂര്‍ണമായും റെയില്‍വേയുടേതായിരുന്നു.

content highlight: MA baby about tran accident at odisha