സൂപ്പര്‍താരം ലയണല്‍ മെസിയുടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയില്‍ തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരം ബാഴ്‌സയിലെത്തിയാല്‍ നിലവില്‍ ക്ലബ്ബിലെ സൂപ്പര്‍താരമായ ലെവന്‍ഡോസ്‌കി കൂടുമാറുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
പ്രതാപകാലം തിരിച്ചെടുക്കുക എന്ന് ലക്ഷ്യത്തോടെയാണ് ബാഴ്‌സ ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കിയത്. 45 ദശലക്ഷം യൂറോയും ആഡ്-ഓണുകളുമാണ് ബാഴ്സയും ലെവന്‍ഡോസ്‌കിയും തമ്മിലുള്ള കരാറിലുള്ളത്. കഴിഞ്ഞ സമ്മറില്‍ ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച ടാക്ടിക്കല്‍ മൂവ് ആയിരുന്നു ബയേണില്‍ നിന്നും പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ടീമിലെത്തിച്ചത്.
മെസി ബാഴ്‌സലോണയിലെത്തുന്ന വിഷയത്തില്‍ ലെവന്‍ഡോസ്‌കി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. മെസി ബാഴ്സലോണയിലേക്ക് തിരിച്ച് വരുന്നത് അവിശ്വസീനയമായ കാര്യമാണെന്നും അദ്ദേഹത്തിന് ബാഴ്സയില്‍ എപ്പോഴും ഒരു സ്ഥാനമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അതറിയാമെന്നുമാണ് ലെവന്‍ഡോസ്‌കി പറഞ്ഞത്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവയോട് സംസാരിക്കുകയായിരുന്നു താരം.
‘മെസി ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നു എന്നുള്ളത് അവിശ്വസനീയമായ കാര്യമാണ്. മെസിക്ക് ബാഴ്സലോണയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടെന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എനിക്കറിയില്ല അദ്ദേഹത്തിന്റെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുക എന്ന്. പക്ഷെ അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് കളിക്കാനാകുമെന്ന് ഞാന്‍ വിശ്വിസിക്കുന്നുണ്ട്,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
അതേസമയം, വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. പാരീസില്‍ തുടരാന്‍ മെസിക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് താരത്തിന് 400 മില്യണ്‍ യൂറോയുടെ ഓഫര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹമത് സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ക്ലബ്ബുകള്‍ക്ക് പുറമെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍മിയാമിയും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്.
2021ലാണ് ബാഴ്സലോണക്ക് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരം ക്ലബ്ബ് വിടുന്നത്. പി.എസ്.ജിക്കായി ഇതുവരെ കളിച്ച 67 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും 32 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.