ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്
national news
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 11:34 am

കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് ഇ.ഡി പരിശോധന. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ദല്‍ഹിയിലെ മുഹമ്മദ് ഫൈസലിന്റെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കോഴിക്കോട് ഫൈസലിന് സാമ്പത്തിക ഇടപാടുള്ള ഒരു വ്യാപാര സ്ഥാപനം, കൊച്ചിയിലെ സുഹൃത്തിന്റെ വീട് അടക്കമുള്ള കേന്ദ്രങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്.

ലക്ഷദ്വീപില്‍ നിന്നും ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന് അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ.ഡിയും സംഭവത്തിലിപ്പോള്‍ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

നേരത്തെ മുഹമ്മദ് ഫൈസലിനെ പ്രതിയാക്കിക്കൊണ്ട് പി.എം.എല്‍ ആക്ട് പ്രകാരം കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നാലഞ്ച് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ കൂടി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. അടുത്ത ദിവസം മുഹമ്മദ് ഫൈസലിനെ ഇ.ഡി ചോദ്യം ചെയ്‌തേക്കും.

Content Highlight: Lakshadweep MP Muhammed faisal’s house nad office raided by ED