ഫലസ്തീനെ അനുകൂലിച്ചു; സ്ഥാനാർത്ഥിയെ പുറത്താക്കി ലേബർ പാർട്ടി; പ്രതിഷേധം
Worldnews
ഫലസ്തീനെ അനുകൂലിച്ചു; സ്ഥാനാർത്ഥിയെ പുറത്താക്കി ലേബർ പാർട്ടി; പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st May 2024, 12:59 pm

ലണ്ടൻ: ഫലസ്തീനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ സ്ഥാനാർത്ഥിയെ പുറത്താക്കി ലേബർ പാർട്ടി. ലേബർ പാർട്ടി സ്ഥാനാർഥി ഫൈസ ഷഹീമിനെയാണ് പുറത്താക്കിയത്. വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

ലണ്ടനിലെ ചിക്‌ഫോർഡിലും വുഡ്‌ഫോർഡി ഗ്രീനിലും ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടിയിരുന്ന വ്യക്തിയായിരുന്നു ഫൈസ ഷഹീം. എന്നാൽ തന്റെ സ്ഥാനാർത്ഥിത്വം നിഷേധിച്ചുകൊണ്ടുള്ള വിവരം മെയിൽ വഴി പാർട്ടി തന്നെ അറിയിച്ചെന്നും ഇത് തന്നെ ഞെട്ടിപ്പിച്ചെന്നും ഫൈസ പറഞ്ഞു.

ബി.ബി.സിയുടെ ന്യൂസ്‌നെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് തനിക്ക് മെയിൽ ലഭിച്ചതെന്ന് ഫൈസ പറഞ്ഞു.

‘ഞാൻ പ്രചാരണത്തിന്റെ ഭാഗമായി പുറത്തായിരുന്നു. അപ്പോഴാണവരെനിക്ക് മെയിൽ അയക്കുന്നത്. വിവരം എന്നെ അറിയിക്കുന്നതിന് മുൻപ് തന്നെ അവർ മാധ്യമങ്ങളെ അറിയിച്ചു. എന്നോട് സംസാരിക്കാനുള്ള സാമാന്യ മര്യാദ പോലും അവർ കാണിച്ചില്ല,’

ഗ്രീൻ പാർട്ടിയെക്കുറിച്ചും പാർട്ടിക്കുള്ളിലെ ഇസ്ലാമോഫോബിയയെക്കുറിച്ചും ഫലസ്തീനെ അനുകൂലിച്ചും ഫൈസ എക്സിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതേ തുടർന്നാണ് പാർട്ടിയുടെ നടപടി. ഇസ്ലാമോഫോബിയയെക്കുറിച്ച് സംസാരിക്കാൻ തനിക്ക് അനുവാദമില്ലേയെന്ന് അവർ മാധ്യമങ്ങളോട് ചോദിച്ചു.

ഇസ്രഈലിനെ വിമർശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഫൈസ ലൈക് ചെയ്തത് വിവാദമായിരുന്നു. ഇതിനെതിരെയും നിരവധി വിമർശനങ്ങൾ ഉയർന്നു. എന്നാൽ അത്തരത്തിലുള്ളൊരു പോസ്റ്റിൽ ലൈക് ചെയ്തത് തനിക്ക് ഓർമ്മയില്ലെന്നും പക്ഷെ അങ്ങനെ ചെയ്‌താൽ എന്താണ് സംഭവിക്കുകയെന്നത് തനിക്കറിയാമെന്നും അവർ പറഞ്ഞു.

എന്നാൽ ഫൈസയുടെ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. നിരവധി ആളുകൾ ഫൈസയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഫലസ്തീനെ അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകരെയെല്ലാം ലേബർ പാർട്ടി മനഃപൂർവ്വം പുറത്താക്കുകയാണെന്ന വിമർശനമുണ്ട്.

‘ഫൈസ ഷമീം തീർച്ചയായും മികച്ചൊരു രാഷ്ട്രീയപ്രവർത്തകയാണ്. അവർക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ട്, നിലപാടുകളുണ്ട്. അതിനാലാണ് അവളുടെ സ്ഥാനാർത്ഥിത്വം ഇപ്പോൾ നിഷേധിച്ചത്,’ സോഷ്യൽ മീഡിയയിൽ ചിലർ കുറിച്ചു.

ഫലസ്തീൻ വിരുദ്ധത നിറഞ്ഞ ഒരു പാർട്ടിയിൽ ഒരു ഫലസ്തീൻ അനുകൂല വ്യക്തി പ്രവർത്തിക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണെന്നാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത്. ഒരു ഫലസ്തീൻ അനുകൂല പോസ്റ്റിന് ലൈക് ചെയ്‌താൽ ഇസ്രഈൽ അനുകൂല പാർട്ടി നിങ്ങളെ പുറത്താക്കും എന്നത് തീർച്ചയാണ് തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്.

 

Content Highlight: Labour drops pro Palestine candidate Faiza Shaheem