റെക്കോഡ് അലേര്‍ട്ട് 🚨 🚨, ചരിത്രത്തിലാദ്യം ; വല്ലാത്തൊരു റെക്കോഡുമായി കുല്‍ദീപ് - ജഡേജ സഖ്യം
Sports News
റെക്കോഡ് അലേര്‍ട്ട് 🚨 🚨, ചരിത്രത്തിലാദ്യം ; വല്ലാത്തൊരു റെക്കോഡുമായി കുല്‍ദീപ് - ജഡേജ സഖ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th July 2023, 8:26 am

ഏകദിനത്തില്‍ പുതിയ റെക്കോഡുമായി ഇന്ത്യയുടെ സ്പിന്‍ ദ്വയം. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഒരു അപൂര്‍വ റെക്കോഡ് ഇന്ത്യന്‍ ബൗളേഴ്‌സിനെ തേടിയെത്തിയത്.

ഏകദിനത്തില്‍ ഏഴോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ഇടംകയ്യന്‍ സ്പിന്‍ ഡുവോ എന്ന റെക്കോഡാണ് കുല്‍ദീപ് – രവീന്ദ്ര ജഡേജ സഖ്യത്തെ തേടിയെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് ഏഴ് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്.

കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. രണ്ട് മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ് വെറും ആറ് റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആറ് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്.

🚨 Milestone Alert 🚨#TeamIndia pair of @imkuldeep18 (4⃣/6⃣) & @imjadeja (3⃣/3⃣7⃣ ) becomes the first-ever pair of Indian left-arm spinners to scalp 7⃣ wickets or more in an ODI 🔝 #WIvIND pic.twitter.com/F18VBegnbJ

— BCCI (@BCCI) July 27, 2023

19 പന്തില്‍ 11 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ പുറത്താക്കിയാണ് ജഡേജ തുടങ്ങിയത്. അപകടകാരിയായ ഹെറ്റിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ജഡ്ഡു പുറത്താക്കിയത്. പിന്നാലെ റോവ്മന്‍ പവലിനെ ഗില്ലിന്റെ കൈകളിലെത്തിച്ചും റൊമാരിയോ ഷെപ്പേര്‍ഡിനെ വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിച്ചും ജഡേജ പുറത്താക്കി.

19ാം ഓവറിലെ മൂന്നാം പന്തില്‍ ഡൊമനിക് ഡ്രേക്‌സിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് കുല്‍ദീപ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. സ്‌പെല്ലിലെ അടുത്ത ഓവറില്‍ യാനിക് കാരിയയെയും വിക്കറ്റിന് മുമ്പില്‍ കുടുക്കി കുല്‍ദീപ് പുറത്താക്കി.

23ാം ഓവറിലെ മൂന്നാം പന്തില്‍ ഷായ് ഹോപ്പിനെയും എല്‍.ബി.ഡബ്ല്യൂവിലൂടെ പുറത്താക്കിയ കുല്‍ദീപ് വിന്‍ഡീസിന്റെ ശേഷിക്കുന്ന ഹോപ്പും ഇല്ലാതാക്കി. ആ ഓവറിലെ അവസാന പന്തില്‍ ജെയ്ഡന്‍ സീല്‍സിനെ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് പുറത്താക്കിയതോടെ യാദവ് വിക്കറ്റ് വേട്ടയും വിന്‍ഡീസ് ഇന്നിങ്‌സും അവസാനിപ്പിച്ചു.

സ്പിന്നര്‍മാര്‍ ഏഴ് വിക്കറ്റുമായി ആറാടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഒടുവില്‍ വിന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരം.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്. ശനിയാഴ്ചയാണ് പരമ്പരയിലെ അടുത്ത മത്സരം. കെന്‍സിങ്ടണ്‍ ഓവല്‍ തന്നെയാണ് വേദി.

 

Content Highlight: Kuldeep Yadav and Ravindra Jadeja scripts new record in ODI