national news
കനയ്യകുമാറിന് സി.പി.ഐയുടെ സീറ്റ് വേണമെന്ന് ആവശ്യം; ബീഹാറില്‍ ഇന്ത്യ മുന്നണിയില്‍ തര്‍ക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 25, 03:35 am
Monday, 25th March 2024, 9:05 am

പാറ്റ്‌ന: സി.പി.ഐ.എയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ കനയ്യകുമാറിന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ബീഹാറില്‍ ഇന്ത്യ മുന്നണിയില്‍ തര്‍ക്കം. മുന്നണി ധാരണ പ്രകാരം സി.പി.ഐക്ക് അനുവദിച്ച ബെഗുസരായ് സീറ്റ് കനയ്യകുമാറിന് വേണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് തര്‍ക്കം ആരംഭിച്ചിരിക്കുന്നത്.

കനയ്യകുമാര്‍ സി.പി.ഐയില്‍ ആയിരുന്ന സമയത്ത് ഇവിടെ മത്സരിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് കനയ്യകുമാറിന് വേണ്ടി ബെഗുസരായ് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മുന്നണി ധാരണപ്രകാരം ഇവിടെ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ ബിഹാറിലെത്തി തേജസ്വി യാദവിനെ നേരിട്ട് കണ്ടാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അവ്‌ധോര്‍ റായിയെയാണ് ബെഗുസരായിയില്‍ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാറിലെ മുന്‍ എം.എല്‍.എ കൂടിയാണ് അവ്‌ധോര്‍ റായ്. ലാലു പ്രസാദ് യാദവിന്റെയും തേജസ്വി യാദവിന്റെയും പിന്തുണ സി.പി.ഐയുടെ തീരുമാനത്തിനുണ്ട്. സീറ്റ് കനയ്യകുമാറിന് നല്‍കണമെന്ന കോണ്‍ഗ്രസ് നിലപാട് ഇരുവരും അംഗീകരിച്ചിട്ടുമില്ല.

അവ്‌ധോര്‍ റായ്

ജെ.എന്‍.യു സമരത്തിലൂടെയാണ് അക്കാലത്തെ എ.ഐ.എസ്.എഫ് നേതാവായിരുന്ന കനയ്യകുമാര്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് സ്വാധീനമുള്ളതും കനയ്യയുടെ സ്വദേശവുമായ ബെഗുസരായിയില്‍ കനയ്യക്ക് സീറ്റ് ലഭിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

വര്‍ഷങ്ങളായി സി.പി.ഐ മത്സരിക്കുന്ന മണ്ഡലം കൂടിയാണിത്. ഇവിടെയാണ് 2021ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യക്ക് സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ ഈ നിലപാട് ബിഹാറിലെ ഇന്ത്യ സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെ തേജസ്വി യാദവിന്റെയും പൂര്‍ണ പിന്തുണ ഈ വിഷയത്തില്‍ സി.പി.ഐക്കുണ്ട്.

content highlights: Kanhaiyakumar wants CPI’s seat; Dispute on the India front in Bihar