ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
കരിയറില്‍ താന്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ സിനിമകളെക്കുറിച്ച് കമല്‍ ഹാസന്‍ സംസാരിക്കുന്ന പഴയ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനി സുഭാഷ് ചന്ദ്രബോസിന്റെ ബയോപിക്ക് ചെയ്യണമെന്ന് തനിക്ക് വലിയ ആഗ്രഹമായിരുന്നെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.
ബംഗാളി സംവിധായകന്‍ ശ്യാം ബനഗല്‍ നേതാജിയുടെ കഥ സിനിമയാക്കാന്‍ പോകുന്നുവെന്ന് താന്‍ അറിഞ്ഞെന്നും അദ്ദേഹത്തോട് ചാന്‍സ് ചോദിച്ച് ചെന്നിരുന്നുവെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് നേതാജിയുടെ അത്ര ഉയരമില്ലെന്ന് പറഞ്ഞ് ബെനഗല്‍ തന്നെ ഒഴിവാക്കിയെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
തനിക്ക് പകരം ബോളിവുഡിലെ ഒരു നടന്‍ ഭംഗിയായി നേതാജിയെ അവതരിപ്പിച്ചെന്നും പിന്നീട് സിനിമ റിലീസായ ശേഷം താന്‍ നേതാജിയുടെ വീട്ടില്‍ പോയിരുന്നെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. നേതാജി ധരിച്ച യൂണിഫോം ആ വീട്ടില്‍ ഉണ്ടായിരുന്നെന്നും തന്റെ ഉയരവുമായി മാച്ചായിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്നും ആ അവസരം നഷ്ടമായതില്‍ വിഷമമില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
പെരിയോര്‍ രാമസാമിയുടെ ബയോപിക്കും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് പകരം ആ വേഷം തന്റെ സുഹൃത്തായ സത്യരാജ് ചെയ്‌തെന്നും കമല്‍ ഹാസന്‍ പറഞ്ഞു. രണ്ട് സിനിമകള്‍ തനിക്ക് നഷ്ടമായെന്നും കമല്‍ ഹാസന്‍ പറഞ്ഞു. വിക്രം സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.
‘രണ്ടേ രണ്ട് പേരുടെ ബയോപിക്ക് ചെയ്യണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ, രണ്ട് അവസരവും നഷ്ടമായി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബയോപിക്കായിരുന്നു ഇതില്‍ ആദ്യത്തേത്. ബംഗാളി സംവിധായകന്‍ ശ്യാം ബെനഗല്‍ നേതാജിയുടെ കഥ സിനിമയാക്കുന്നു എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെയടുത്ത് ചാന്‍സ് ചോദിച്ച് ചെന്നിരുന്നു. ‘തനിക്ക് നേതാജിയുടെ അത്ര ഉയരമില്ല’ എന്ന് പറഞ്ഞ് ബെനഗല്‍ എന്നെ പറഞ്ഞുവിട്ടു. എനിക്ക് പകരം ബോളിവുഡിലെ ഒരു നടന്‍ ആ പടം ചെയ്തു.
പിന്നീട് ഞാന്‍ നേതാജിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ അദ്ദേഹത്തിന്റെ യൂണിഫോം ഉണ്ടായിരുന്നു. എന്റെ ഹൈറ്റുമായി പെര്‍ഫക്ട് മാച്ചായിരുന്നു അത്. ഇനി ബെനഗലിനെ വിളിച്ച് ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്ന് മനസിലായി. പെരിയോറിന്റെ ബയോപിക്കും ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ എനിക്ക് പകരം എന്റെ സുഹൃത്ത് സത്യരാജ് ആ പടം ചെയ്തു. ഈ രണ്ട് സിനിമകളെയാണ് ഞാന്‍ നഷ്ടമായി കണക്കാക്കുന്നത്,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal Haasan says he wished to do the biopics of Netaji Subhash Chandrabose and Periyor Ramasamy