ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തില്ല. അദ്ദേഹത്തിന്റെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് നിയമപരമായി അസാഞ്ചിനെ നാടുകടത്താന്‍ സാധിക്കില്ലെന്നാണ് യുകെ കോടതി വിധി പറഞ്ഞത്.
ജില്ലാ ജഡ്ജ് വനേസ ബാരൈറ്റ്‌സറാണ് കേസില്‍ വിധി പറഞ്ഞത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ട രേഖകളുടെ പേരില്‍ ചാരവൃത്തി, ഹാക്കിങ്ങ് തുടങ്ങി 17 ഓളം കേസുകളായിരുന്നു അദ്ദേഹത്തിനെതിരെ അമേരിക്ക ചുമത്തിയിരുന്നത്.
അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടിരുന്നെങ്കില്‍ ജൂലിയന്‍ അസാഞ്ചിന് 175 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ. കേസില്‍ യു.എസ് അപ്പീലിന് പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആരാണ് ജൂലിയന്‍ അസാഞ്ച്
ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമരായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ്ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്.
മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചെല്‍സി മാനിംഗ് ആയിരുന്നു അസാഞ്ചിന് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇതിന് 35 വര്‍ഷത്തെ തടവിനാണ് മാനിങ്ങ് 2013ല്‍ ശിക്ഷിക്കപ്പെട്ടത്. 1917 എസ്പിയോണേജ് ആക്ട് (ചാരവൃത്തി നിയമം) പ്രകാരമായിരുന്നു മാനിങ്ങിനെ ശിക്ഷിച്ചത്.
അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്കുമേല്‍ ഉണ്ടാകുന്ന ഇടപെടലുകള്‍ തടയുന്നതിനും വ്യക്തികളെയും ഗ്രൂപ്പുകളെയും അമേരിക്കയുടെ ശത്രുക്കളെ പിന്തുണക്കുന്നതില്‍ നിന്നും തടയുന്നതിനുമാണ് ചാരവൃത്തി നിയമം യു.എസില്‍ പാസാക്കിയത്.
അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്ഥാനമൊഴിയുന്നതിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മാനിങ്ങിന്റെ ശിക്ഷ ഒഴിവാക്കിയത്.
എന്തായിരുന്നു വിക്കിലീക്‌സ് പുറത്തുവിട്ടത്
രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരടക്കം, പന്ത്രണ്ടോളം ഇറാഖികളെ യു.എസ് സൈനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചുകൊല്ലുന്നതിന്റെ 39 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.
അമേരിക്കയ്ക്കു നേരെ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനം ഉയരാന്‍ ഈ വീഡിയോ കാരണമായി. അമേരിക്കയുടെ ഇറാഖ് അധിനിവേശവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യു.എസ് നടത്തുന്ന ഇടപെടലുകളും വിക്കിലീക്‌സ് പുറത്തുവിട്ട വീഡിയോയെ തുടര്‍ന്ന് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.
അതേവര്‍ഷം ജൂലായില്‍ തന്നെ വിക്കിലീക്‌സും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പല അന്താരാഷ്ട്ര മാധ്യമങ്ങളും അഫ്ഗാനിസ്ഥാനിലെ യുദ്ധവുമായി ബന്ധപ്പെട്ട 90,000ത്തിലധികം യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചു.
സാധാരണ പൗരന്മാരുടെ മരണങ്ങള്‍, യു.എസ് എയര്‍ റെയ്ഡ്, അല്‍ഖ്വയ്ദയ്ക്ക് അഫ്ഗാനിസ്ഥാനിലുള്ള സ്വാധീനം, അഫ്ഗാന്‍ നേതാക്കള്‍ക്കും താലിബാനും പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ തുടങ്ങി ഞെട്ടിപ്പിക്കുന്നതും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ നിരവധി വിവരങ്ങള്‍ ഈ സൈനിക രേഖകളിലുണ്ടായിരുന്നു. അമേരിക്കയ്ക്ക് ഈ വെളിപ്പെടുത്തലും വലിയ തിരിച്ചടിയായിരുന്നു.
ജനാധിപത്യത്തിന്റെ കയറ്റുമതിക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ യുദ്ധമുഖത്തെ ഭീകരമുഖം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതായിരുന്നു അസാഞ്ചിന്റെ വെളിപ്പെടുത്തലുകള്‍.
ഇവിടെയും തീര്‍ന്നില്ല, മാസങ്ങള്‍ക്ക് ശേഷം വലിയ ഭീഷണികള്‍ നിലനില്‍ക്കെ തന്നെ ജൂലിയന്‍ അസാഞ്ച് ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട 3,91,832 രേഖകള്‍ വീണ്ടും പുറത്തുവിട്ടു. ഇറാഖ് വാര്‍ ലോഗുകള്‍ എന്നറിയപ്പെട്ട ഈ രേഖകളില്‍ ഇറാഖിലെ യു.എസ് ട്രൂപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു ഉള്‍ച്ചേര്‍ന്നിരുന്നത്. ഇറാഖിലെ പൗരന്മാര്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ചും വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ പ്രതിപാദിക്കുന്നുണ്ടായിരുന്നു.
2010 നവംബര്‍ മാസത്തില്‍ കേബിള്‍ ഗേറ്റ് സ്‌കാന്‍ഡല്‍ എന്ന പേരിലും വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടു. 270ഓളം യു.എസ് എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നുമുള്ള വിവരങ്ങളായിരുന്നു ഇതിലൂടെ വിക്കിലീക്‌സ് പുറത്തുവിട്ടത്.