Advertisement
Entertainment news
ആസിഫ് അലിയെ വെച്ച് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാനുള്ള കാരണമതാണ്: ജിസ്‌ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 16, 02:09 pm
Thursday, 16th May 2024, 7:39 pm

ആസിഫ് അലിയുടെ ടാലന്റ് തന്നെയാണ് വീണ്ടും വീണ്ടും ആസിഫലിയെ വെച്ച് സിനിമകള്‍ ചെയ്യാനുള്ള കാരണമെന്ന് സംവിധായകന്‍ ജിസ് ജോയ്. തലവന്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ജിസ്‌ജോയ്ക്ക് പുറമെ, ആസിഫ് അലി, കോട്ടയം നസീര്‍ തുടങ്ങിയവരും പ്രസ്മീറ്റില്‍ പങ്കെടുത്തു. എന്ത് കൊണ്ടാണ് എല്ലാ സിനിമകളിലും ആസിഫ് അലിയുള്ളത്, ആസിഫ് അലിയുടെ എന്ത് പ്രത്യേകതയാണ് സിനിമകളില്‍ തുടര്‍ച്ചയായി അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ കാരണം എന്ന ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

‘ആസിഫ് അലിയുടെ ടാലന്റ് തന്നെയാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നത്. അതിനപ്പുറം അദ്ദേഹം എന്റെ നല്ല സുഹൃത്തും സഹോദര തുല്യനുമായ വ്യക്തിയാണ്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയുമൊക്കെ ആസിഫിന് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളാണ്.

അതിനപ്പുറം, കെട്ടിയോളാണെന്റെ മാലാഖയിലെ സ്ലീവാച്ചനും ഉയരെയിലെ ഗോവിന്ദനുമൊക്കെ കാണുമ്പോള്‍ ഒരു സുഹൃത്ത് എന്നതിലുപരി തോന്നുന്ന ഒരിഷ്ടമുണ്ട്. ആ ഇഷ്ടം തന്നെയാണ് എനിക്ക് വീണ്ടും വീണ്ടും ആസിഫിനെ വെച്ച് സിനിമകള്‍ ചെയ്യാന്‍ തോന്നുന്നതിന്റെ കാരണം,’ ജിസ് ജോയ് പറഞ്ഞു.

തലവന്‍ അയ്യപ്പനും കോശിയും പോലെയോ, ഡ്രൈവിംഗ് ലൈസന്‍സ് പോലെയോ രണ്ട് പേര്‍ തമ്മിലുള്ള ഈഗോ ക്ലാഷ് അല്ലെന്നും ജിസ് ജോയ് പറഞ്ഞു. ഈ സിനിമയുടെ ടീസര്‍ ഇറങ്ങിയത് മുതല്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യങ്ങളിലൊന്നാണ് ഈ രണ്ട് സിനിമകളുമായുള്ള സാമ്യതകളെ കുറിച്ചുള്ള ചോദ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സിനിമ രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഈഗോ ക്ലാഷല്ലെന്നും അങ്ങനെയൊരു പ്രതീക്ഷയില്‍ തിയേറ്ററുകളിലേക്ക് പോകണ്ടതില്ലെന്നും ജിസ് ജോയ് പറഞ്ഞു. തലവന്‍ പൂര്‍ണമായും ഒരു കുറ്റാന്വേഷണ സ്റ്റോറിയാണെന്നും പൊലീസിന്റെ നടപടിക്രമങ്ങള്‍ തന്നെയാണ് ഈ സിനിമയുടെ പ്ലോട്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

content highlights: Jisjoy on the reason for doing consecutive films with Asif Ali