മുട്ടത്ത് വര്‍ക്കിയുടെ കഥക്ക് തോപ്പില്‍ ഭാസി തിരക്കഥ രചിച്ച് 1973ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അഴകുള്ള സെലീന. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗായകന്‍കെ.ജെ. യേശുദാസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രേം നസീര്‍, ബഹദൂര്‍, വിന്‍സെന്റ്, ജയഭാരതി തുടങ്ങിയവരായിരുന്നു അഴകുള്ള സെലീനയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
അഴകുള്ള സെലീന എന്ന സിനിമയില്‍ പ്രേം നസീര്‍ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. ചിത്രത്തില്‍ പ്രേം നസീര്‍ സ്ത്രീലമ്പടനായ നെഗറ്റീവ് വേഷത്തിലാണ് വന്നതെന്നും സിനിമ പരാജയമായിരുന്നുവെന്നും ജഗദീഷ് പറയുന്നു.
സിനിമ മോശമായതുകൊണ്ടല്ല അത് സംഭവിച്ചതെന്നും അദ്ദേഹത്തെ ആ ഒരു ഇമേജില്‍ പ്രേക്ഷകര്‍ സ്വീകരിക്കാത്തതിനാലായിരുന്നു അതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
അന്ന് പ്രേം നസീര്‍ നെഗറ്റീവ് വേഷത്തില്‍ വന്നാല്‍ ആളുകള്‍ അത് സ്വീകരിക്കില്ലായിരുന്നുവെന്നും എന്നാല്‍ ഇന്ന് ആളുകള്‍ പ്രകടനമാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ഇമേജ് ഷെഡ് ചെയ്യുക എന്ന് പറയുമ്പോള്‍ അതിന് പ്രേക്ഷകരുടെ സപ്പോര്‍ട്ടില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ‘അഴകുള്ള സെലീന’ എന്ന് പറയുന്ന ഒരു സിനിമയുണ്ട്. സേതുമാധവന്‍ സാറാണ് അതിന്റെ സംവിധായകന്‍. പ്രേം നസീര്‍ സാര്‍ അതില്‍ ഒരു നെഗറ്റീവ് റോളാണ് ചെയ്തിരിക്കുന്നത്. പക്കാ നെഗറ്റീവാണ്.
സ്ത്രീലമ്പടനായാണ് അഭിനയിച്ചിരിക്കുന്നത്. പ്രേം നസീര്‍ സാറിന്റെ അതുവരെയുള്ള ഇമേജില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ട് നായികയും നായകനും മരിക്കാന്‍ കാരണക്കാരന്‍ ആയിട്ടുള്ളത് വരെ നസീര്‍ സാറിന്റെ കഥാപാത്രമാണ്. ആ സിനിമ സാമ്പത്തികമായിട്ട് വലിയ പരാജയമായിരുന്നു.
നസീര്‍ സാറിന്റെ പ്രകടനം മോശമായതുകൊണ്ടെന്നും അല്ല ആ സിനിമ പരാജയപ്പെട്ടത്. അദ്ദേഹത്തെ ആ ഒരു ഇമേജില്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. നസീര്‍ സാറിന്റെ ആ ഇമേജില്‍ വന്ന വ്യത്യാസം പ്രേക്ഷകര്‍ സ്വീകരിച്ചില്ല എന്നാണ് സേതുമാധവന്‍ സാര്‍ പറഞ്ഞത്.
പക്ഷെ ഇന്ന് അങ്ങനെ ഒരു ചേഞ്ച് വന്നാല്‍ ആരും ഒന്നും നോക്കില്ല. ഇന്ന് മോഹന്‍ലാല്‍ ഒരു പക്കാ നെഗറ്റീവ് വേഷത്തില്‍ വന്നാലും ആരും ഒന്നും പറയില്ല. പെര്‍ഫോമന്‍സ് മാത്രമേ നോക്കുകയുള്ളു. അതൊരു വലിയ ഭാഗ്യമാണ്,’ ജഗദീഷ് പറയുന്നു.
Content highlight: Jagadish talks about image shedding of actors using the example of Prem Nazir’s performance in Azhakulla Saleena movie