World News
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് അയര്‍ലാന്‍ഡിന്റേത്‌; ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്ന് 148ലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 06, 09:29 am
Sunday, 6th April 2025, 2:59 pm

ഡബ്ലിന്‍: 2025ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന വിശേഷണം ഇനി അയര്‍ലാന്‍ഡിന് സ്വന്തം. നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട പട്ടിക പ്രകാരമാണ് അയര്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.

അയര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര പ്രശസ്തി, ബിസിനസ് സൗഹൃദ നികുതി നയങ്ങള്‍, സിറ്റിസണ്‍ഷിപ്പ് ഫ്‌ളെക്‌സിബിലിറ്റി എന്നിവയാണ് ഐറിഷ് പാസ്‌പോര്‍ട്ടിനെ റാങ്കിങ്ങില്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഓരോ രാജ്യത്തിന്റെയും പാസ്പോര്‍ട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ എങ്ങനെ വികസിക്കുന്നുവെന്നാണ് ഈ ഇന്‍ഡക്‌സ് പരിശോധിക്കുന്നത്. വിസ രഹിത യാത്ര (50%), നികുതി (20%), ഗ്ലോബല്‍ പേര്‍സെപ്ഷന്‍ (10%) ഇരട്ട പൗരത്വം (10%), വ്യക്തിസ്വാതന്ത്ര്യം (10%) എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കുക. യാത്ര എളുപ്പമാക്കുന്ന മൊബിലിറ്റി സ്‌കോറും വിസ രഹിത യാത്രയും, വിസ ഓണ്‍ അറൈവല്‍, ഇ.ടി.എ, ഇ-വിസ എന്നിവയെല്ലാം പരിശോധിക്കും.

199 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പാസ്‌പോര്‍ട്ടുകളില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക. റാങ്കിങ്ങില്‍ യു.എ.ഇ (10ാം സ്ഥാനം), ന്യൂസിലാന്‍ഡ് (10ാം സ്ഥാനം), ഐസ്‌ലാന്‍ഡ് (10ാം സ്ഥാനം) എന്നിവര്‍ മുന്നിലുണ്ട്. മറിനോയ്ക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സംയുക്തമായി 45ാം സ്ഥാനത്താണ്.

അതേസമയം, പാകിസ്ഥാന്‍, ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍. 195 മുതല്‍ 199 വരെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്.

ഇന്ത്യ 47.5 സ്‌കോര്‍ നേടി കൊമോറോസുമൊത്ത് 148ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം മൊസാംബിക്കിയക്കൊപ്പം 147ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 80ാം സ്ഥാനത്ത് നിന്ന് 85ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.

Content Highlight: Ireland’s passport is the most powerful in the world; India’s position drops again to 148