ദോഹ: ഖത്തറില്‍ തടവില്‍ കഴിയുന്ന എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷയില്‍ ഇളവ്. ഖത്തറിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ തടവുശിക്ഷയായി ഇളവ് ചെയ്തിരിക്കുന്നത്. ചാരപ്രവര്‍ത്തി ആരോപിച്ചായിരുന്നു ഒരു മലയാളി ഉള്‍പ്പടെയുള്ള എട്ട് ഇന്ത്യന്‍ നാവികര്‍ക്ക് ഖത്തറില്‍ വധ ശിക്ഷ വിധിച്ചിരുന്നത്. എട്ട് പേരും ഇന്ത്യന്‍ നാവിക സേനയില്‍ നിന്നും വിരമിച്ചവരായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തി ആരോപിച്ച് ഇന്ത്യന്‍ നാവികര്‍ ഖത്തറില്‍ പിടിയിലാകുന്നത്. പിന്നീട് ഒരു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നത്. 2023 നവംബര്‍ 9നായിരുന്നു ഇവരുടെ അപ്പീല്‍ ഖത്തറിലെ അപ്പീല്‍ കോടതി സ്വീകരിച്ചത്.
വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട ഖത്തറിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതു മുതല്‍ ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലിന്റെ വിജയമായിട്ടാണ് വിധിയെ അന്താരാഷ്ട്ര ലോകം നോക്കിക്കാണുന്നത്.