കോഴിക്കോട്: ഫലസ്തീനെതിരായ പരാമര്‍ശങ്ങളില്‍ യുക്തിവാദി സംഘടനായ എസന്‍സിന്റെ സ്ഥാപകന്‍ സി. രവിചന്ദ്രനെതിരെ എഴുത്തുകാരന്‍ സജി മാര്‍ക്കോസ്. 1967ലാണ് ഫലസ്തീന്‍ ഉണ്ടായതെങ്കില്‍ 1937ല്‍ എങ്ങനെ ഫലസ്തീന്‍ നാണയമുണ്ടായെന്ന് സജി മാര്‍ക്കോസ് രവി ചന്ദ്രനോട് ചോദിച്ചു.
നാണയങ്ങളുടെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് സജി മാര്‍ക്കോസ് രവിചന്ദ്രനെതിരെ രംഗത്തെത്തിയത്.
രവി ചന്ദ്രന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും അല്ലെങ്കില്‍ നിങ്ങളുടെ സോഴ്സുകള്‍ ഇസ്രഈല്‍ പ്രോപഗണ്ടകളാണെന്നും സജി മാര്‍ക്കോസ് വിമര്‍ശിച്ചു. രവി ചന്ദ്രന്റെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തിയാണ് സജി മാര്‍ക്കോസിന്റെ വിമര്‍ശനം.
1967ലാണ് പാലസ്തീന്‍ ഉണ്ടായതെന്നും റോമക്കാരാണ് പാലസ്തീന്‍ എന്ന പേര് നല്‍കിയതെന്നുമാണ് രവി ചന്ദ്രന്റെ വാദം. ഈ മേഖലയിലുണ്ടായിരുന്ന അറബികളാണ് പിന്നീട് ഫലസ്തീന്‍ എന്ന് വിളിച്ചുതുടങ്ങിയതെന്നും ഈ പേരിലാണ് പലരും ഇവിടെ ഫേഷന്‍ പരേഡ് നടത്തുന്നതെന്നും രവി ചന്ദ്രന്‍ വാദിക്കുന്നു.
പ്രസ്തുത വാദങ്ങളടങ്ങിയ രവി ചന്ദ്രന്റെ വീഡിയോയും സജി മാർക്കോസ് പങ്കുവെച്ചിട്ടുണ്ട്. ജൂതനെ തുടച്ചുനീക്കി അവരെ മെഡിറ്ററേനിയന്‍ കടലില്‍ മുക്കുക എന്നതാണ് ഫലസ്തീന്‍ മൂവ്‌മെന്റിന്റെ ലക്ഷ്യമെന്നും രവി ചന്ദ്രന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ഇല്ലാത്ത ഒരു രാജ്യത്തിന് വേണ്ടിയാണ് ഈ കാട്ടികൂട്ടലുകളെല്ലാമെന്നും സി. രവി ചന്ദ്രന്‍ പറയുന്നു. ഫലസ്തീന്‍ മതവെറിയാണെന്നും ഫലസ്തീന്‍ എന്ന രാജ്യമോ ഭാഷയോ ജനങ്ങളോ ഉണ്ടായിരുന്നുവില്ലെന്നും രവി ചന്ദ്രന്‍ വാദിക്കുന്നുണ്ട്. നേരത്തെ ‘ഫലസ്തീന്‍ വ്യാജമാപ്പും 10 വസ്തുതകളും’ എന്ന രവി ചന്ദ്രന്റെ പ്രഭാഷണം വലിയ വിവാദമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ബ്രിട്ടീഷ് കോളനിയായിരുന്ന കാലഘട്ടത്തിലെ, അതായത് 1923ലെ ഫലസ്തീന്‍ പാസ്‌പോര്‍ട്ട് അടക്കം പങ്കുവെച്ചാണ് സജി മാര്‍ക്കോസ് രവി ചന്ദ്രന്റെ വാദങ്ങളെ പ്രതിരോധിക്കുന്നത്. പങ്കുവെച്ചതില്‍ രണ്ടെണ്ണം അറബ്-യഹൂദന്റെ പാസ്‌പോര്‍ട്ടിലെ ഫ്രഞ്ച് വിസയാണെന്നും സജി മാര്‍ക്കോസ് ചൂണ്ടിക്കാട്ടി.
1937ലെ ഫലസ്തീന്‍ നാണയത്തിന്റെ പേര് പാലസ്തീന്‍ പൗണ്ട് എന്നായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രവാസി കൂടിയായ സജി മാര്‍ക്കോസ് നിരന്തരമായി ഫലസ്തീന്‍ വിഷയങ്ങളില്‍ പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്.
സജി മാര്‍ക്കോസ് പങ്കുവെച്ച ചിത്രങ്ങള്‍ ഇസ്രഈല്‍ ആക്രമണങ്ങളെ വെള്ളപ്പൂശുന്ന വാദങ്ങളെ പ്രതിരോധിക്കുന്നതാണ്.
Content Highlight: If Palestine was created in 1967, how did a Palestinian currency exist in 1937? Saji Markose against C. Ravichandran