[]ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ അസോസിയേഷനോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ബാഡ്മിന്റണ്‍ താരം ##ജ്വാല ഗുട്ട. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ജ്വാല വ്യക്തമാക്കി.
ജ്വാലയെ വരുന്ന രണ്ട് ടൂര്‍ണമെന്റുകളില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ബാഡ്മിന്റണ്‍ അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു.
ബാഡ്മിന്റണ്‍ ലീഗിനിടയിലെ മോശം പെരുമാറ്റത്തിനാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബി.എ.ഐ) അച്ചടക്ക സമിതി ജ്വാലയ്ക്ക് ആജീവനാന്ത വിലക്കിന് ശുപാര്‍ശ ചെയ്തത്.
ലീഗിനിടയില്‍ ക്രിഷ് ദല്‍ഹി സ്മാഷേഴ്‌സ് താരമായ ജ്വാല സഹതാരങ്ങളെ ബംഗാ ബീറ്റ്‌സിനെതിരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.
എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അസോസിയേഷന്റെ ഉത്തരാവദിത്തം താരങ്ങളെ സഹായിക്കുകയാണ് ബുദ്ധിമുട്ടിക്കുകയല്ലെന്നും ജ്വാല പറഞ്ഞു.
താന്‍ ബാഡ്മിന്റണിനെ ഏറെ പ്രണയിക്കുന്നുണ്ട്. എനിക്ക് പറ്റാവുന്നിടത്തോളം കാലം കളിക്കളത്തിലുണ്ടാകണമെന്നാണ് ആഗ്രഹം. ജ്വാല വ്യക്തമാക്കി.
അച്ചടക്ക സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരെ ജ്വാല ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജ്വാലയ്ക്ക് മത്സരിക്കാന്‍ അനുവാദം നല്‍കിയത്. അന്തിമ തീരുമാനം എടുക്കുന്നത് വരെ ജ്വാലയെ മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്.