Human traficking
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയ സംഭവം; അന്വേഷണം സി.ബി.ഐക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 30, 05:23 am
Saturday, 30th December 2017, 10:53 am

ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയ സംഭവത്തില്‍ സി.ബി.ഐ ഉന്നതതല അന്വേഷണം ആരംഭിച്ചു. ദല്‍ഹി, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ റഗ്ബി പരിശീലനം നല്‍കാനെന്ന പേരിലാണ് ഫ്രാന്‍സിലേക്ക് കടത്തിയത്.

എന്നാല്‍ പരിശീലനത്തിനായി ഫ്രാന്‍സില്‍ എത്തിച്ച കുട്ടികളെ പറ്റി കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു വിവരവും ഇല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം വ്യാപകമാക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഫ്രാന്‍സിലേക്ക് കുട്ടികളെ കടത്തിയ ട്രാവല്‍ ഏജന്റുമാരെ സി.ബി.ഐചോദ്യം ചെയ്തുവരികയാണ്. ഫരീദാബാദ് ആസ്ഥാനമാക്കിയുള്ള ലളിത് ഡേവിഡ് ഡീന്‍, ദല്‍ഹിയിലെ വരുണ്‍ ചൗധരി എന്നീ ഓഫീസുകളിലാണ് അന്വേഷണം നടക്കുന്നത്.

പതിനഞ്ചിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ ഫ്രാന്‍സിലേക്ക് കടത്തിയയച്ചത്. എകദേശം 30 ലക്ഷത്തോളം രൂപ വരെ ഈടാക്കിയാണ് ഇടനിലക്കാര്‍ കുട്ടികളെ കടത്തിയത്.

ഫ്രാന്‍സിലേക്ക് പോയ ഇരുപത്തഞ്ച് കുട്ടികളില്‍ രണ്ട് പേര്‍ മടങ്ങി വന്നിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കപൂര്‍ത്തല സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് കാണിച്ചാണ് കുട്ടികളെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയത്. എന്നാല്‍ കടത്തിക്കൊണ്ടുപോയ കുട്ടികളാരും സ്‌കൂളിലെ വിദ്യാര്‍ഥികളല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.