Advertisement
national news
സിഖ് വിരുദ്ധകലാപം; പ്രസ്താവനയില്‍ മാപ്പ് പറയണം: സാം പിത്രോദയെ തള്ളി രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 11, 02:29 am
Saturday, 11th May 2019, 7:59 am

ന്യൂദല്‍ഹി: സിഖ് കൂട്ടകൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ നടത്തിയ പ്രസ്ഥാവനയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാം പിത്രേദ പരിധി ലംഘിച്ചെന്നും പ്രസ്താവന അഭികാമ്യമല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഇതില്‍ അദ്ദേഹം മാപ്പ് പറണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സിഖ് കലാപത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് സാം പിത്രോദ പറഞ്ഞത്, അത് സംഭവിച്ചു, അതുകൊണ്ട് എന്താണ്?എന്നായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുഴുവനായും മാറി മറിഞ്ഞെന്നും എന്റെ ഹിന്ദി വ്യക്തമല്ലാത്തതിനാല്‍ സംഭവം വ്യഖ്യാനിക്കപ്പെട്ടത് മറ്റൊരു തരത്തില്‍ ആയിരുന്നെന്നുമായിരുന്നു വിശദീകരണം.

സിഖുകാരെ കൊലപ്പെടുത്താനുള്ള നിര്‍ദേശം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസില്‍നിന്നാണു നല്‍കിയതെന്ന് കലാപം അന്വേഷിച്ച നാനാവതി കമ്മിഷന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സാം പിത്രോദ ഇത്തരത്തില്‍ പ്രതികരിച്ചത്.

സിഖ് കൂട്ടകൊല വളരെ വേദനയുണ്ടാക്കിയെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഞാന്‍ കരുതുന്നത് 1984 ലേത് ആവശ്യമില്ലാത്ത ഒരു ദുരന്തമായിരുന്നെന്നാണ്. നീതി നടപ്പാക്കപ്പെടും. അന്നത്തെ ദുരന്തത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ജി മാപ്പ് പറഞ്ഞിട്ടുണ്ട്. സോണിയാജി മാപ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാവരും ഇതില്‍ ഞങ്ങളുടെ സ്ഥാനം വ്യക്തമാക്കിയതാണ്. 1984 ലേത് വളരെ വലിയൊരു ദുരന്തവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്.’ രാഹുല്‍ഗാന്ധി പറഞ്ഞു.

മുന്‍പും പത്രോദയുടെ അഭിപ്രായത്തില്‍ വിയോചിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.സാം പിത്രോദയടക്കം ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവന കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നായിരുന്നു കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.