ബി.ജെ.പി നേതാക്കള്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചെന്ന സ്വപ്‌നയുടെ മൊഴി ശരിവെച്ച് അനില്‍ നമ്പ്യാര്‍
Kerala News
ബി.ജെ.പി നേതാക്കള്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചെന്ന സ്വപ്‌നയുടെ മൊഴി ശരിവെച്ച് അനില്‍ നമ്പ്യാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th August 2020, 8:28 am

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതരുമായി ബി.ജെ.പിയുടെ നേതാക്കാളെ അടുപ്പിച്ചത് താന്‍ പറഞ്ഞത് പ്രകാരമാണെന്ന് സ്വപ്‌നയുടെ മൊഴി അനില്‍ നമ്പ്യാര്‍ ശരിവെച്ചു. സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ നമ്പ്യാരെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയതിരുന്നു.

സ്വപ്‌ന സുരേഷടക്കം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബി.ജെ.പി നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതു സംബന്ധച്ച വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായും സൂചനയുണ്ട്.

 

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്.

സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ബാഗേജ് വിട്ടുകിട്ടിയില്ലെങ്കില്‍ സരിത്തിനോട് കുറ്റം ഏല്‍ക്കാന്‍ പറയണമെന്നും ബാക്കിയെല്ലാം തങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞതായി സ്വപ്ന മൊഴിനല്‍കിയിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

സംസ്ഥാന ബി.ജെ.പി നേതാക്കളില്‍ ചിലരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷണ സംഘത്തോട് അനില്‍ നമ്പ്യാര്‍ വിവരങ്ങള്‍ പങ്കുവെച്ചതായി സൂചനയുണ്ട്.

 

അനില്‍ നമ്പ്യാര്‍ക്ക് ബിനാമി നിക്ഷേപമുണ്ടെന്ന് ആരോപണമുള്ള തിരുവനന്തപുരത്തെ ടൈല്‍സ് ഷോറൂം 2019ല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലാണ് ഉദ്ഘാടനം ചെയ്തത്.

അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.

ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോണ്‍സുലേറ്റിനെ കൊണ്ട് വിശദീകരണക്കുറിപ്പ് തയ്യാറാക്കാന്‍ സ്വപ്നയോട് പറഞ്ഞത് അനില്‍ നമ്പ്യാരാണെന്നും വിവരമുണ്ട്. അതേസമയം വാര്‍ത്ത ശേഖരിക്കാനാണ് താന്‍ സ്വപ്നയെ വിളിച്ചത് എന്നാണ് അനില്‍ നമ്പ്യാര്‍ നല്‍കുന്ന വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gold smuggling case: Anil Nambiar confirms the Statement of Swapna Suresh