Kerala News
സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി മുന്‍ ഹരിത നേതാവ്; സ്റ്റേഷനിലെത്തിയപ്പോള്‍ പ്രതിയുടെ കൂടെ എം.എസ്.എഫ് ജില്ലാ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 06, 05:33 pm
Sunday, 6th February 2022, 11:03 pm

മലപ്പുറം: എം.എസ്.എഫ് ഹരിത മുന്‍ നേതാവിനെതിരെ സൈബര്‍ ആക്രമണം. സര്‍ സയ്യിദ് കോളജ് യൂണിറ്റ് എം.എസ്.എഫ് മുന്‍ വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് സൈബര്‍ ആക്രമണത്തിനെതിരെ പൊലിസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ആറ് മാസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുപയോഗിച്ച് തന്നെ പിന്തുടരുകയാണെന്ന് ആരോപിച്ച് മലപ്പുറം പൂക്കാട്ടിരി സ്വദേശിനിയായ ആഷിഖ മലപ്പുറം സൈബര്‍ പെലീസില്‍ കഴിഞ്ഞ ഡിസംബര്‍ 27നാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസാണ് ആഷിഖക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ആഷിഖ ഖാനത്തിനെതിരെ അനീസ് സൈബര്‍ ആക്രമണം നടത്തിയത്. സൈബര്‍ സെല്‍ അന്വേഷണത്തിലാണ് ഇയാളെ കണ്ടത്താനയത്.

അനീസ് യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. എം.എസ്.എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി അനീസ് പൊലീസ് സ്റ്റേഷനിലേക്കെത്തിയതെന്നും സംഭവത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും ആഷിഖ പറഞ്ഞു.

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ കുടുംബം മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ആഷിഖ പറഞ്ഞു.

‘അനീസുമായി എനിക്ക് മുന്‍പരിചയമില്ല. അദ്ദേഹത്തിന് വ്യക്തിപരമായി എന്നെ പന്തുടരേണ്ട ആവശ്യമില്ല. അദ്ദേഹം ആരുടെയെങ്കിലും ബിനാമിയാണോ, അദ്ദേഹത്തിന് പിന്നില്‍ ഏതങ്കിലും റാക്കറ്റ് ഉണ്ടോ എന്നും ഞാന്‍ സംശയിക്കുന്നു,’ ആഷിഖ ഖാനം പറഞ്ഞു.

എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വാദം. ആരോപണവിധേയനൊപ്പം പൊലിസ് സ്റ്റേഷനില്‍ ചില നേതാക്കള്‍ പോയത് നാട്ടുകാരനായതിനാലാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും നേതൃത്വം പറഞ്ഞു.